അബഹ - കഴിഞ്ഞ ദിവസം രാത്രിയിൽ ഖമീസ് മുശൈത്തിലെ റോഡിൽ വെച്ച് കാർ ഡ്രൈവറെയും മറ്റൊരു വഴിപോക്കനെയും കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ച സൗദി യുവാവിനെ സുരക്ഷാ വകുപ്പുകൾ കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാൽപതു വയസുകാരനാണ് പിടിയിലായത്. പ്രതി ഡ്രൈവറെയും മറ്റൊരാളെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
മാനസിക തകരാറുള്ളതായി സംശയിച്ച് യുവാവിനെ പിന്നീട് പരിശോധനക്ക് വിധേയനാക്കി. പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങുന്നതിനിടെ ഡ്രൈവറെ, യാതൊരുവിധ പ്രകോപനവും കാരണങ്ങളും കൂടാതെ പിൻവശത്തു കൂടി ഓടിയെത്തി പുറത്ത് ആഞ്ഞുകുത്തി യുവാവ് ഓടിരക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് പുറത്തുവിട്ടാണ് പ്രതിയെ അറസ്റ്റ് ചെയ്ത വിവരം ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.