പൂനെ- വിവാഹം ചെയ്യാനെന്നു പറഞ്ഞ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തിയയാൾ 9 വർഷത്തിനു ശേഷം പിടിയിലായി. പൂനെയിലെ പിംപ്രി എന്ന സ്ഥലത്താണ് സംഭവം. 22കാരിയായ യുവതി കാമുകനായ കിഷോർ ഖരെക്കൊപ്പമാണ് 2011 സെപ്തംബർ 11ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. ഇരുവരും തമ്മിൽ ഏറെനാളായി പ്രണയത്തിലായിരുന്നു. വിവാഹം ചെയ്യണമെന്ന് 32കാരനായ കിഷോർ ഖരെയോട് യുവതി ആവശ്യപ്പെടാൻ തുടങ്ങിയിരുന്നു. എന്നാൽ കിഷോറിന് അതിൽ താൽപര്യമില്ലായിരുന്നു. ഈ വിഷയത്തിൽ ഇരുവരും തമ്മിൽ വാഗ്വാദവും നടന്നിരുന്നു.
ഇതിനിടയിൽ കിഷോർ യുവതിയുടെ വീട്ടിലേക്ക് കടന്നുവരികയും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. പിന്നീട് ഇവരെ കണ്ടില്ല. രണ്ടുപേരുടെയും നമ്പരുകളിലേക്ക് വീട്ടുകാർ വിളിച്ചെങ്കിലും കിട്ടിയില്ല. കിഷോറിന്റെ വീട്ടിൽ റെയ്ഞ്ച് ഇല്ലാത്ത പ്രശ്നമുള്ളത് അറിയാവുന്ന യുവതിയുടെ വീട്ടുകാർ അങ്ങനെ സമാധാനിച്ചു. എന്നാൽ കുറച്ചുദിവസം കഴിഞ്ഞിട്ടും വിവരമൊന്നും കിട്ടാതായപ്പോൾ അവർ കിഷോറിനെ വിളിച്ചു. അയാൾ പറഞ്ഞത് യുവതി സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയെന്നാണ്. ഇതോടെ യുവതിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതിനു പിന്നാലെ കിഷോറിനെ കാണാതാകുകയും ചെയ്തു.
9 വർഷങ്ങൾക്കു ശേഷം കിഷോർ തിരിച്ചുവന്നതായി അറിഞ്ഞ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. ഇയാളെ പിടികൂടി. സംഭവദിവസം യുവതിയെ ഒരു കുന്നിൻപുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി കിഷോർ കഴുത്ത് ഞെരിച്ചു കൊന്നെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. ഇതിന്മേൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറയുന്നു.