ഡെറാഡൂണ്‍- പെൺകുട്ടികൾ കീറിയ ജീൻസ് ധരിക്കുന്നത് ചൂണ്ടിക്കാട്ടിയും കൂടുതൽ കുട്ടികളുണ്ടാക്കാൻ ജനങ്ങളെ 'ബോധവൽക്കരി'ച്ചും ശ്രദ്ധേയനായ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ തിരത് സിങ് റാവത്തിന്റെ അടുത്ത വെടിയെത്തി. ഇത്തവണ '200 കൊല്ലം ഇന്ത്യയെ ഭരിച്ച അമേരിക്ക'യെ ശക്തമായി അപലപിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. "നമ്മെ 200 കൊല്ലം അടിമകളാക്കുകയും ലോകത്തെ ഭരിക്കുകയും ചെയ്ത അമേരിക്ക ഇപ്പോൾ കോവിഡിനെ നേരിടാൻ പ്രയാസപ്പെടുകയാണ്," റാവത്ത് പ്രസ്താവിച്ചു. ഇന്ത്യ അമേരിക്കയെക്കാൾ മികച്ച രീതിയിൽ കോവിഡിനെ കൈകാര്യം ചെയ്തെന്ന് അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണത്തിൽ യുഎസ്സാണ് മുമ്പിൽ നിൽക്കുന്നത്. യുഎസ്സിൽ 50 ലക്ഷം പേർ മരിച്ചെന്ന വാദവും മുഖ്യമന്ത്രി ഉയർത്തി. അഞ്ചര ലക്ഷത്തോളമാളുകളാണ് ഇതുവരെ യുഎസ്സിൽ മരിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ രക്ഷിച്ചെന്നും റാവത്ത് പറഞ്ഞു.
പെൺകുട്ടികൾ കീറിയ ജീൻസിട്ട് നടക്കുന്നതിനെതിരെ റാവത്ത് പ്രസ്താവനയിറക്കിയത് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഈ നിലപാടിനെ അതിനിശിതമായി വിമർശിച്ച് രംഗത്തു വന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ കുട്ടികളെ ഉണ്ടാക്കുന്നവർക്ക് കൂടുതൽ റേഷൻ എന്ന വാഗ്ദാനം നൽകി അടുത്ത വിവാദം സൃഷ്ടിച്ചത്. ഉത്തരാഖണ്ഡിലെ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് റാവത്ത്.