Sorry, you need to enable JavaScript to visit this website.

കൊലക്കേസ് പ്രതി 19 വർഷം ജയിലിൽ; വിട്ടയയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നത് മരണശേഷം

പനജി- ഗോവയിലെ ബർദേസ് താലൂക്കുകാരനായ ശൈലേഷ് മപാരി തന്റെ സുഹൃത്തായ സാഗർ ചോദനാകറിനെ കൊല ചെയ്തതിനാണ് 2004 സെപ്തംബറിൽ ജയിലിലായത്. 2006ൽ ജീവപര്യന്തം തടവു ശിക്ഷ വിധിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ അപ്പീലുകളെല്ലാം മേൽക്കോടതികൾ തള്ളി. ഒടുവിൽ ശൈലേഷിന്റെ വിടുതലപേക്ഷയിന്മേൽ ആവശ്യമായ നടപടികളെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. 2021 ഏപ്രിൽ 19ന് തീരുമാനം അറിയിക്കാനും സർക്കാരിനോടാവശ്യപ്പെട്ടു. പക്ഷെ, ഇതിനകം തന്നെ ശൈലേഷ് ജയിലിൽ വെച്ച് മരണപ്പെട്ടിരുന്നു. 2020 ഡിസംബർ 21ന് തുടർച്ചയായുണ്ടായ പക്ഷാഘാതങ്ങൾക്കൊടുവിലായിരുന്നു അന്ത്യം. ശൈലേഷ് മരിക്കുമ്പോൾ ജയിൽ ജീവിതം 16 വർഷം പിന്നിട്ടിരുന്നു.

ബോംബെ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട സ്പെഷ്യൽ ലീവ് പെറ്റീഷൻ സുപ്രീംകോടതിയുടെ മുമ്പിലെത്തിയപ്പോഴാണ് ജഡ്ജിമാർ ഒരു കാര്യം ശ്രദ്ധിച്ചത്. ശൈലേഷിന്റെ കേസ് സംസ്ഥാന അധികാരികൾ വിടുതലിന് വിട്ടിട്ടില്ല. ജീവപര്യന്തം തടവ് എന്നാൽ ജീവിതാവസാനം വരെ തടവെന്നാണെങ്കിലും സംസ്ഥാനങ്ങൾക്ക് തങ്ങളുടെ വിവേചനാധികാരമുപയോഗിച്ച് 14 വർഷം കഴിഞ്ഞാൽ കുറ്റവാളിയെ ജയിൽമോചിതനാക്കാവുന്നതാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളും 14 വർഷമാണ് ജീവപര്യന്തം തടവുകാരെ ജയിലിൽ പാർപ്പിക്കുന്നത്. 

14 വർഷത്തിനു ശേഷം വിടുതൽ കിട്ടുമെന്ന് അറിഞ്ഞ് തങ്ങൾ അധികാരികളെ പലവട്ടം സമീപിച്ചിരുന്നെന്നും എന്നാൽ അനുകൂല നടപടികളൊന്നും ഉണ്ടായില്ലെന്നും ശൈലേഷിന്റെ സഹോദരൻ ഉമേഷ് പറയുന്നു.

ശൈലേഷിന്റെ മരണത്തെക്കുറിച്ചും ഗോവയിലെ ജയിലധികൃതർ ആവശ്യമായ ആശയവിനിമയങ്ങൾ ഔദ്യോഗിക തലത്തിൽ നടത്തിയില്ല. പണമൊടുക്കാനില്ലാത്തവർക്ക് അഭിഭാഷകസഹായമൊരുക്കുന്ന സുപ്രീംകോർട്ട് ലീഗൽ സർവീസസ് കമ്മിറ്റി മുഖാന്തിരമാണ് വക്കീലിനെ ഏർപ്പാടാക്കിയിരുന്നത്. ഈ വക്കീലും സംഭവം അറിഞ്ഞില്ല. ജയിലധികൃതർ ഈ മരണം ഗോവ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയെ അറിയിക്കേണ്ടതായിരുന്നെന്ന് കേസിലിൽ ഇടപെട്ട വക്കീൽ തിലക് രാജ് പാസി പറയുന്നു.

Latest News