ലണ്ടന്‍- ബ്രിട്ടീഷ് പ്രധാനമന്ത്രി തരേസ മേയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരരുടെ ശ്രമം സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊളിച്ചു. രണ്ടു ഭീകരരെ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഡൗണിങ് സ്ട്രീറ്റില്‍ സ്‌ഫോടനം നടത്തുകയും തുടര്‍ന്നുണ്ടാകുന്ന ബഹളത്തിനും പരക്കം പാച്ചിലിനുമിടെ പ്രധാനമന്ത്രിയെ വധിക്കാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സിയായ എം15 ഡയറക്ടര്‍ ആന്‍ഡ്ര്യൂ പാര്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടത്. നവംബര്‍ 26-നാണ് രണ്ടു ഭീകരരെ സുരക്ഷാ ഏജന്‍സി അറസ്റ്റ് ചെയ്തത്. എം15-നും സ്‌കോട്‌ലന്‍ഡ് യാഡിലെ ഭീകരവിരുദ്ധ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവര്‍ വലയിലായത്.
വടക്കന്‍ ലണ്ടന്‍ സ്വദേശിയായ 20-കാരന്‍ നായിമുര്‍ സകരിയ റഹ്മാന്‍, ബെര്‍മിങ്ങാം സ്വദേശി 21-കാരന്‍ മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് പിടിയിലായ ഭീകരര്‍. ഇരുവര്‍ക്കുമെതിരെ ഭീകരപ്രവര്‍ത്തന കുറ്റം ചുമത്തി. ഇവരെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.