ആലപ്പുഴ- ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിന്‍റെ സ്വർണാഭരണങ്ങളും ഫോണും കവർന്ന കേസിലെ പ്രതികളായ ദമ്പതികളെ ചെങ്ങന്നൂർ പോലീസ് കന്യാകുമാരിയിൽനിന്ന് പിടികൂടി. ചെങ്ങന്നൂർ മുളക്കുഴ സ്വദേശി രാഖി (31), ഭർത്താവ് അടൂർ പന്തളംകുരമ്പാല സ്വദേശി രതീഷ് (36) എന്നിവരെയാണ് ചെങ്ങന്നൂർ സി.ഐ ബിജു കുമാറിന്‍റെ നേതൃത്വത്തിലെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് എം.സി റോഡിൽ ചെങ്ങന്നൂരിലെ ജില്ല ആശുപത്രിക്ക് സമീപമുള്ള ലോഡ്ജ് മുറിയിൽ വെച്ച് ചേർത്തല തുറവൂർ സ്വദേശി വിവേകിന് മയക്കുമരുന്ന് കലർത്തിയ ബിയർ നൽകി അഞ്ചര പവന്‍റെ സ്വർണാഭരണങ്ങളും മൊബൈല്‍ ഫോണും കവർന്ന സംഭവത്തിലാണ് അറസ്റ്റ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി യുവാവിനെ മയക്കി സ്വര്‍ണവും മൊബൈലും കവര്‍ന്നു
തമിഴ്നാട്ടിൽ വീട് വാടകക്കെടുത്ത് താമസിച്ച് വരികായായിരുന്നു ദമ്പതികൾ. ശാരദ എന്ന പേരിൽ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കിയാണ് യുവാക്കളെ വലയിലാക്കിയിരുന്നത്.
ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന യുവാക്കളെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് വിളിച്ചുവരുത്തും. ഒരു ദിവസം രണ്ടും മൂന്നും പേരെ ഇത്തരത്തിൽ ഒരു നഗരത്തിൽ വിളിച്ചുവരുത്തും. ഇവിടങ്ങളിലെ വിവിധ ഹോട്ടലുകളിൽ ഇവർ അന്നേദിവസം മുറികൾ എടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.
സമാന രീതിയിൽ പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്.