കോട്ടയം- ജോസഫ് വിഭാഗത്തിന്റെ ആശങ്കയൊഴിഞ്ഞു. ആത്മവിശ്വാസമായി. ചിഹ്നത്തിനായുളള അലച്ചില്‍ അവസാനിക്കുന്നു. ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ജോസഫ് വിഭാഗത്തിന് ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
കേരള കോണ്‍ഗ്രസിലെ പത്തു സ്ഥാനാര്‍ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍ ചിഹ്നമായി ലഭിക്കും. ചങ്ങനാശേരി മണ്ഡലത്തില്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ബേബിച്ചന്‍ മുക്കാടന്റെ പത്രിക സ്വതന്ത്ര വിഭാഗത്തിലേക്ക് മാറ്റി. മുക്കാടനും ട്രാക്ടറിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ക്രിസ്ത്യന്‍ സെക്കുലര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എന്ന നിലയില്‍ ബേബിച്ചന്‍ സമര്‍പ്പിച്ച പത്രിക തളളി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി അടക്കമുളള രേഖകള്‍ ബേബിച്ചന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ ബേബിച്ചനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി പരിഗണിച്ചു. ജോസഫ് ഗ്രൂപ്പിലെ വി.ജെ ലാലിക്ക് ട്രാക്ടര്‍ അനുവദിക്കാനാണ് സാധ്യത. ജോസഫ് ഗ്രൂപ്പിന്റെ മറ്റു സ്ഥാനാര്‍ഥികളെല്ലാം ഇതേ ചിഹ്നമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 22 നാണ് ഇക്കാര്യത്തില്‍ കമ്മീഷന്‍ വിധി പറയുക. മറ്റു രജിസ്‌ട്രേഡ് പാര്‍ട്ടികള്‍ ഒന്നും ഇതേ ചിഹ്നം ആവശ്യപ്പെടാത്തതിനാല്‍ ജോസഫ് വിഭാഗത്തിന് തന്നെ ലഭിച്ചേക്കും. ചിഹ്ന പ്രതിസന്ധി പരിഹരിച്ചുവെന്നും എല്ലായിടത്തും അതേ ചിഹ്നത്തില്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും പി.ജെ ജോസഫ് അറിയിച്ചു.