സാന്‍ഫ്രാന്‍സിസ്‌കോ- മുഖത്തടിച്ചയാളെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് അടിച്ച് പഞ്ചറാക്കിയ 76 കാരി സിയാവോ ഷെന്‍ സീ അമേരിക്കയില്‍ വെറുപ്പും വിദ്വേഷവും നേരുടുന്ന ഏഷ്യന്‍ സമൂഹത്തില്‍ ധീര വനിതയായി. ബുധനാഴ്ച രാവിലെ നടന്ന ആക്രമണം വംശീയമായി പ്രേരിതമായിരിക്കാമെന്നാണ് സീയും വിശ്വസിക്കുന്നത്. ഭയാനകമായ സംഭവത്തെ കുറിച്ചുള്ള ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.
മെഡിക്കല്‍, തെറാപ്പി ചെലവു കണ്ടെത്താന്‍ ഇവരുടെ കുടുംബം ആരംഭിച്ച ഫണ്ടിലേക്ക് പ്രതീക്ഷിച്ചതിനേക്കാളും തുക ലഭിച്ചു. 50,000 ഡോളറാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ 600,000 ഡോളര്‍ സംഭാവന ലഭിച്ചു. അതോടൊപ്പം സീയെ പിന്തുണച്ചും ആശംസകള്‍ നേര്‍ന്നും സന്ദേശങ്ങളും നിറഞ്ഞു. വയോധികയുടെ കണ്ണുകള്‍ ഇനിയും ശരിയായിട്ടില്ലെന്നും ഒരു കണ്ണില്‍നിന്ന് ഇടയ്ക്കിടെ രക്തം വരുന്നുവെന്നും ഫണ്ട് സ്വരൂപിച്ച ചെറുമകനായ ജോണ്‍ ചെന്‍ പറയുന്നു.
അവരുടെ കൈത്തണ്ടയും വീര്‍ത്തിരിക്കയാണ്. സംഭവം മാനസികമായും ശാരീരികമായും വൈകാരികമായും അവരെ സാരമായി ബാധിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പോലും ഭയപ്പെടുന്നു. മുഖത്തടിച്ചതിനെ തുടര്‍ന്ന് സീ വാക്കിംഗ് സറ്റിക്ക് കൊണ്ട് നേരിട്ട അക്രമിയെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്ന വിഡിയോ ഓണ്‍ലൈനില് പ്രചരിച്ചിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട് 39 കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അതേ ദിവസം തന്നെ 83 കാരനായ ഏഷ്യക്കാരനെ ആക്രമിച്ചതായും പോലീസ് സ്ഥിരീകരിച്ചു.