കമ്മ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ടമുട്ട പോലെയെന്ന് കോടിയേരി

തിരുവനന്തപുരം- കമ്മ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ട മുട്ട പോലെ  വളരെ മോശമായിരിക്കുമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടികള്‍ വിട്ട സിപിഎം, സിപിഐ നേതാക്കള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മാറിയതിനെകുറിച്ചുള്ള ചോദ്യത്തിനാണ്  കോടിയേരിയുടെ പ്രതികരണം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തും പുറത്തും അവസരവാദികളുണ്ടാവും, ഈ വഞ്ചകന്മാര്‍ ഈ നിലപാട് സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്റ്റുകാര്‍ അല്ലാതായി കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരന്‍ മോശമായി കഴിഞ്ഞാല്‍ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും-കോടിയേരി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് മൂന്നക്കം ആക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ഇപ്പോള്‍ 95 സീറ്റുണ്ട്. ആ സീറ്റ് വര്‍ധിക്കും. എല്‍ഡിഎഫിന് ഇപ്പോള്‍ രണ്ടക്കം ആണെങ്കില്‍ ഇത് മൂന്നക്കം ആകാനാണ് പരിശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് പറയാന്‍ കേരളത്തിലെ ആര്‍ക്കാണ് സാധിക്കുകയെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി പോലും സഹകരിക്കുകയാണ് സിപിഎം ചെയ്യുന്നത്.  ഇത് രഹസ്യമായി എടുത്ത തീരുമാനമല്ല, പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ്. സിപിഎമ്മിന് ഒരിക്കലും ആര്‍എസ്എസുമായി രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും യോജിക്കാന്‍ കഴിയില്ല.  
അടിയന്തരാവസ്ഥ കഴിഞ്ഞ 1977ലെ തെരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ മുന്‍കൈയെടുത്ത് സോഷ്യലിസ്റ്റ് പാര്‍ട്ടിയെയും സ്വതന്ത്ര പാര്‍ട്ടിയെയും ജനസംഘത്തെയും എല്ലാം ലയിപ്പിച്ച് ജനതാപാര്‍ട്ടിയാക്കി. അവരുമായി ഞങ്ങള്‍ സഹകരിച്ചത് അടിയന്തരാവസ്ഥ പോകാനാണ്. അടിയന്തരാവസ്ഥ മാറിയപ്പോള്‍ സി.പി.എം നിലപാട് മാറ്റി. ആര്‍എസ്എസ് ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയുമായി ബന്ധം വിച്ഛദിക്കണമെന്ന നിലപാട് സ്വീകരിച്ചു. 1979ല്‍ തലശ്ശേരിയടക്കം നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആര്‍എസ്എസിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട എന്നാണ് ഇ.എം.എസ് പ്രസംഗിച്ചത്. അതേ നിലപാടാണ് സി.പി.എമ്മിന് ഇപ്പോഴുമുള്ളത്. ആര്‍എസ്എസുമായി ചേര്‍ന്ന് ഞങ്ങള്‍ക്ക് ഒരു സീറ്റും കേരളത്തില്‍ ജയിക്കേണ്ട കാര്യമില്ല- കോടിയേരി പറഞ്ഞു.

 

Latest News