മദ്യം കടത്താൻ ട്രക്കിൽ രഹസ്യ അറ; ഡിസൈൻ വൈദഗ്ധ്യം കണ്ട് അന്ധാളിച്ച് ആനന്ദ് മഹീന്ദ്ര -Video

ന്യൂദൽഹി- മദ്യം കടത്താൻ ഒരു ട്രക്കിൽ നാടൻ ഡിസൈനർമാർ നടത്തിയ വിദഗ്ധ വേല കണ്ട് ഞെട്ടിയത് ട്രക്കുകളും എസ്യുവികളും നിർമിക്കുന്ന സാക്ഷാൽ ആനന്ദ് മഹീന്ദ്രയാണ്. 'പൈശാചികമായ നൈപുണ്യ'മെന്നാണ് ആനന്ദ് മഹീന്ദ്ര ഇതിനെ വിശേഷിപ്പിച്ചത്. ട്രക്കിന്റെ കാർഗോ ബെഡ്ഡിന് താഴെയായി മദ്യക്കുപ്പികൾ വെക്കാനുള്ള അറ സജ്ജീകരിച്ച രീതി കണ്ടാൽ ആരും അമ്പരന്നു പോകും. അത്ര പെട്ടെന്നൊന്നും ആർക്കും സംശയം തോന്നാത്ത രീതിയിലാണ് രൂപകൽപ്പന. ഇത്തരം ഇന്നവേഷനുകൾ ഏതായാലും തങ്ങളുടെ പിക്കപ്പ് ട്രക്ക് വികസന പരിപാടിയിലില്ലെന്നും മഹീന്ദ്ര വ്യക്തമാക്കി. കാർഗോ ബെഡ്ഡിനടിയിൽ ഡോറുമായി ബന്ധിപ്പിച്ച നിലയിലാണ് ഈ അറ സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യം വരുന്ന ഘട്ടങ്ങളിൽ അറയുടെ വലിപ്പ് പുറത്തെക്കാനുള്ള പിടിയായി ഡോർ പ്രവർത്തിക്കും. അതായത് ഡോർ വലിച്ചാൽ വലിപ്പ് പുറത്തേക്ക് പോരും. 

ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ ഒരാൾ നമ്പർ പ്ലേറ്റ് അഴിച്ചെടുക്കുന്നതും പിന്നീട് ഡോറിൽ പിടിച്ചുവലിച്ച് അറയുടെ വലിപ്പ് വലിച്ച് പുറത്തെടുക്കുന്നതും കാണാം. വലിപ്പ് പുറത്തേക്കെത്തിക്കാൻ രണ്ടുപേർ ചേർന്ന് വലിക്കേണ്ടി വന്നു. അതെസമയം ഈ സംഭവം എവിടെയാണെന്ന് വ്യക്തമല്ല. നമ്പർ പ്ലേറ്റ് സൂചിപ്പിക്കുന്നത് വാഹനം ഗുജറാത്ത് രജിസ്ട്രേഷനിലുള്ളതാണ് എന്നാണ്. പൂർണ മദ്യനിരോധനം വർഷങ്ങളായി നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

Latest News