മുംബൈ- മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ്. നിരവധി ക്രമക്കേടുകള്‍ മന്ത്രി നടത്തിയതായും പ്രതിമാസം നൂറു കോടി രൂപ വെച്ച് പിരിച്ചെടുക്കണമെന്ന് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വേയ്‌സിനോട് ആവശ്യപ്പെട്ടെന്നുമാണ് മുന്‍ കമ്മീഷണറുടെ ആരോപണം.
100 കോടി രൂപ പിരിക്കുകയാണ് തന്റെ ടാര്‍ജറ്റ് എന്നും ഇതിനായി നിരവധി മാര്‍ഗങ്ങളുണ്ടെന്നും മന്ത്രി ഇന്‍സ്‌പെക്ടറോട് പറഞ്ഞു. ബാറുകള്‍, റസ്റ്റോറന്റുകള്‍ അടക്കം മുംബൈയില്‍ 1750 ഓളം സ്ഥാപനങ്ങളുണ്ടെന്നും ഓരോന്നില്‍നിന്നും 2-3 ലക്ഷം വീതം പിരിക്കാമെന്നും മന്ത്രി പറഞ്ഞു. ഇപ്രകാരം 40-50 കോടി സമാഹരിക്കാം. മറ്റ് വഴികളിലൂടെ ബാക്കി പണവും കണ്ടെത്തണമെന്ന് മന്ത്രി പറഞ്ഞതായാണ് മുന്‍ കമ്മീഷണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ പറയുന്നത്.
എന്നാല്‍ മുകേഷ് അംബാനി, മന്‍സുഖ് ഹിരന്‍ കേസില്‍ സചിന്‍ വേയ്‌സിന്റെ പങ്ക് മറയ്ക്കാനും കേസ് തന്നിലേക്ക് നീളുന്നത് തടയാനുമാണ് പരംബീര്‍ ശ്രമിക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണമാണെന്നും അനില്‍ ദേശ്മുഖ് പ്രതികരിച്ചു.