Sorry, you need to enable JavaScript to visit this website.

35 സംവിധായികമാർ: കേരള രാജ്യാന്തര ചലച്ചിത്ര മേള  സ്ത്രീപ്രതിഭയുടെ നിറച്ചാർത്താകും


തിരുവനന്തപുരം- സിനിമയിൽ തങ്ങളുടേതായ ഇടം സൃഷ്ടിച്ച  സംവിധായികമാരുടെ സാന്നിധ്യം കൊണ്ട് കേരള രാജ്യാന്തര ചലച്ചിത്ര മേള ശ്രദ്ധേയമാകും.
വിവിധ വിഭാഗങ്ങളിലായി 35 സംവിധായികമാരുടെ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സ്ത്രീ എന്ന നിലനിൽപിന്റെ അപ്രകാശിതമായ വികാരങ്ങളിലേക്കും തീക്ഷ്ണമായ അനുഭവ യാഥാർഥ്യങ്ങളിലേക്കും ക്യാമറ തിരിക്കുന്ന ഈ ആവിഷ്‌കാരങ്ങൾ മേളയുടെ തിളക്കം കൂട്ടുന്നു. 
14 ചിത്രങ്ങൾ ഉൾപ്പെടുന്ന മത്സര വിഭാഗത്തിലെ നാല് ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സ്ത്രീകളാണ്. അൾജീരിയയിലെ സമകാലിക പെൺജീവിതത്തിലേക്ക് കണ്ണുതുറക്കുന്ന ചിത്രമാണ് റയ്ഹാന സംവിധാനം ചെയ്ത ഐ സ്റ്റിൽ ഹൈഡ് റ്റു സ്‌മോക്ക്. തായ്‌ലാൻഡിലെ പരമ്പരാഗത  ബായ് ശ്രീ  കലാരൂപത്തിന്റെ അകമ്പടിയോടെ ബുദ്ധദർശനവും സ്വവർഗ പ്രണയവും പ്രമേയമാക്കുന്ന മലില ദ ഫെയർവെൽ ഫൽവർ എന്ന ചിത്രം സംവിധാനം ചെയ്തത് അനുച ബൂന്യവതനയാണ്. വിർന മൊലിന, ഏണെസ്‌റ്റൊ ആർഡിറ്റോയുമായി ചേർന്ന് സംവിധാനം ചെയ്ത സിംഫണി ഫോർ അന എന്ന ചിത്രം ഗ്യാബി മേക്ക് എഴുതിയ നോവലിന്റെ ദൃശ്യാവിഷ്‌കാരമാണ്. ഫലസ്തീനിയൻ സംവിധായിക ആൻമരിയ ജസിറിന്റെ  വാജിബ്, വ്യത്യസ്ത ജീവിത രീതികൾ പിന്തുടരുന്ന അച്ഛന്റെയും മകന്റെയും കഥ പറയുന്നു. 24 സംവിധായികമാരുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമാണ് ലോക സിനിമാ വിഭാഗം. അനാരിറ്റ സംബ്രോണ തിരക്കഥയും സംവിധാനവും ചെയ്ത ചിത്രമാണ് ആഫ്റ്റർ ദ വാർ. കാനിലെ അൺ സെർട്ടൺ റിഗാർഡ് വിഭാഗത്തിൽ ആദ്യ പ്രദർശനം നടത്തിയ ഈ ചിത്രം ഇറ്റലിയിലെ സങ്കീർണമായ സാമൂഹിക രാഷ്ട്രീയാന്തരീക്ഷം ചർച്ച ചെയ്യുന്നു. ജൊവാന കോസ് ക്രൗസ്, ക്രിസ്‌റ്റോഫ് ക്രൗസിനോടൊപ്പം സംവിധാനം ചെയ്ത ചിത്രമായ ബേർഡ്‌സ് ആർ സിംഗിങ് ഇൻ കിഗാലി റുവാണ്ടയിൽ നടന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതാണ്. കുടുംബ ബന്ധത്തിലെ അസ്വാരസ്യങ്ങൾ ചിത്രീകരിച്ച സിനിമയാണ് തെരേസ വില്ലവേർദയുടെ കോളോ. നിഗൂഢതകൾ നിറഞ്ഞ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന ചിത്രമാണ് ജൂലിയാന റോജസിന്റെ ഗുഡ് മാനേഴ്‌സ്. സമകാലിക ലോക സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമായ ക്ലെയർ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രമാണ് ലെറ്റ് ദ സൺഷൈൻ ഇൻ. കാനിൽ പ്രദർശിപ്പിച്ച ഐ ആം നോട്ട് എ വിച്ച് എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്  റുൻഗാനോ നയോനിയാണ്. സിനിമക്കുള്ളിലെ സിനിമ ചിത്രീകരിക്കുന്ന ഷിറിൻ നെഷതിന്റെ ലുക്കിങ് ഫോർ ഔം കുൽതും, ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന വിധവയുടെ കഥ തിരശ്ശീലയിലെത്തിക്കുന്ന മൗലി സൂര്യയുടെ മെർലീന ദ മർഡറർ ഇൻ ഫോർ ആക്ട്‌സ്, കാനിൽ അൺ സെർട്ടൺ റിഗാർഡിൽ പ്രദർശിപ്പിച്ച ലിയോണർ സെറെയ്‌ലെയുടെ മോണ്ട്‌പെർനാസെ ബീൻവെന്യൂ, അമേരിക്ക-ജപ്പാൻ സംയുക്ത സംരംഭത്തിൽ അത്‌സുകോ ഹിരയാനഗി സംവിധാനം ചെയ്ത ഓ ലൂസി, പ്രണയം ശരീരത്തിലും ആത്മാവിലും ഉളവാക്കുന്ന വൈരുധ്യങ്ങൾ ചിത്രീകരിക്കുന്ന ഇൽദികോ എൻയെദിയുടെ ഓൺ ബോഡി ആൻഡ് സോൾ, ക്രിസ്റ്റീന പിൻഹെയ്‌റോയുടെ മെനിന, അന്ന ഉർഷാദ്‌സെയുടെ സ്‌കെയറി മദർ, അഗ്‌നിയെസ്‌ക ഹോളണ്ടിന്റെ സ്പൂർ, ക്ലാര സിമണിന്റെ സമ്മർ 1993, മരിയ ഷാഡോസ്‌കെയുടെ ദ ആർട് ഓഫ് ലവിങ്, സെസിലിയ അറ്റനും വെലേറിയ പിവാറ്റോയും ചേർന്ന് സംവിധാനം ചെയ്ത ദ കൺഫെഷൻ ദ ഡെസർട്ട് ബ്രൈഡ് തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ ശ്രദ്ധേയമായ ചിത്രങ്ങൾ. 
റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ അലക്‌സാണ്ടർ സുകോറോവിന്റെ ജീവിതത്തെ ആസ്പദമാക്കി ലീന കിൽപലെയ്‌നൻ സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമായ ദ വോയ്‌സ് ഓഫ് സുകോറോവ് പ്രദർശിപ്പിക്കും. 
കൺട്രി ഫോക്കസ് ബ്രസീൽ എന്ന വിഭാഗത്തിൽ മൂന്ന് സംവിധായികമാരാണുള്ളത്. അനിറ്റ റോച്ച ഡെ സിൽവെയ്‌റയുടെ കിൽ മി പ്ലീസ്, ജൂലിയാന റോജസിന്റെ നെക്രോപൊലിസ് സിംഫണി, ഫെർനാണ്ടോ പെസ്സോയുടെ ദ സ്‌റ്റോറീസ് അവർ സിനിമ ഡിഡ് (നോട്ട്) ടെൽ എന്നിവയാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. 
ഇന്ത്യൻ സിനിമ നൗ എന്ന വിഭാഗത്തിലെ ഏക സ്ത്രീ സാന്നിധ്യമാണ് റിമ ദാസ്. റിമ തിരക്കഥയും സംവിധാനവും നിർവഹിച്ച വില്ലേജ് റോക്ക്സ്റ്റാർ ടൊറന്റോ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ചിത്രമാണ്. അപ്പ്‌റൂട്ടട് ഫിലിംസ് വിഭാഗത്തിൽ ഗീതു മോഹൻദാസിന്റെ ലയേഴ്‌സ് ഡൈസ് പ്രദർശിപ്പിക്കും. ഇത്തവണത്തെ അരവിന്ദൻ സ്മാകര പ്രഭാഷണം നടത്തുന്ന അപർണ്ണ സെന്നിന്റെ സൊണാറ്റയും മേളയിൽ ഉൾപ്പെടുത്തിട്ടുണ്ട്.

 

Latest News