Sorry, you need to enable JavaScript to visit this website.

റിയാദിൽ ഇടതുപക്ഷ കൂട്ടായ്മയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ 

റിയാദ് നവോദയയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പൂക്കോയ തങ്ങൾ സംസാരിക്കുന്നു.

റിയാദ് - നവോദയയുടെ ആഭിമുഖ്യത്തിൽ റിയാദിൽ ഇടതുപക്ഷ കൂട്ടായ്മയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. 
പ്രവാസികൾക്കു വേണ്ടി ലോകകേരള സഭയും 3500 രൂപയുടെ പെൻഷനും വിവിധങ്ങളായ ക്ഷേമ പദ്ധതികളും നടപ്പിലാക്കിയ ഇടതുപക്ഷ സർക്കാരിന്റെ തുടർ ഭരണം പ്രവാസികളുടെ നന്മയും നാടിന്റെ വളർച്ചയും ഉറപ്പു നൽകുന്നുവെന്ന് നവോദയയുടെ ആഭിമുഖ്യത്തിൽ റിയാദ് അപ്പോളോ ഡിമോറ ഹാളിൽ സംഘടിപ്പിച്ച 'ഇ.എം.എസ്-എ.കെ.ജി അനുസ്മരണവും തെരഞ്ഞെടുപ്പ് കൺവെൻഷനും' പരിപാടിയിൽ സംസാരിച്ച എൽ.ഡി.എഫ് സ്ഥാനാർഥികൾ പറഞ്ഞു. 
ബാലുശ്ശേരിയിലെ ഇടതു സ്ഥാനാർഥിയും എസ്.എഫ്.ഐ നേതാവുമായ അഡ്വക്കറ്റ് സച്ചിൻ ദേവ്, നിലമ്പൂരിലെ ഇടതു സ്ഥാനാർഥി പി.വി അൻവർ, കൽപറ്റയിലെ സ്ഥാനാർഥി എം.വി ശ്രേയാംസ്‌കുമാർ, എലത്തൂരിലെ സ്ഥാനാർഥി സി.കെ ശശീന്ദ്രൻ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരാണ് യോഗത്തെ ഓൺലൈൻ വഴി അഭിസംബോധന ചെയ്ത് സംസാരിച്ചത്. കൺവെൻഷനിൽ റിയാദിലെ ഇതര ഇടതുപക്ഷ സംഘടനകളായ ന്യൂഏജ്, ഐ.എം.സി.സി തുടങ്ങിയ സംഘടനകളും ഇടതുപക്ഷ സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇടതുപക്ഷം റിയാദ് എന്ന പേരിൽ കൂട്ടായി നടത്താൻ ഇടതു സംഘടനകൾ തീരുമാനിച്ചു. 
യോഗം നവോദയ സ്ഥാപകാംഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിൽ ഇന്നുവരെ പ്രവാസികൾക്കായി എന്തെങ്കിലും ചെയ്ത അനുഭവം ഇടതു ഭരണത്തിൽ മാത്രമാണുണ്ടായതെന്നും പ്രവാസി വകുപ്പ് രൂപംകൊണ്ട ശേഷം യു.ഡി.എഫ് രണ്ടു തവണ അധികാരത്തിൽ വന്നെങ്കിലും പേരിനു പോലും പ്രവാസികൾക്കായി ഒരു പദ്ധതി ആവിഷ്‌കരിക്കാൻ കഴിഞ്ഞില്ലെന്നും സുധീർ വിമർശിച്ചു. പൂക്കോയ തങ്ങൾ ഇ.എം.എസ്-എ.കെ.ജി അനുസ്മരണ പ്രഭാഷണം നടത്തി. 
സാമൂഹ്യ അനാചാരങ്ങൾക്കും അസമത്വങ്ങൾക്കുമെതിരെ പോരാടിയ ഇ.എം.എസിന്റേയും എ.കെ.ജിയുടെയും ജീവിത മാതൃകകൾ ഫാസിസത്തിനും വർഗീയതക്കുമെതിരെയുള്ള പോരാട്ടത്തിന് വഴിവിളക്കാകണമെന്ന് പൂക്കോയ തങ്ങൾ പറഞ്ഞു. കഴിഞ്ഞ 5 വർഷക്കാലം ഇടതുപക്ഷ സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിയ വിവിധ പദ്ധതികളെ കുറിച്ചും സർക്കാരിന്റെ വിവിധങ്ങളായ ഭരണ നേട്ടങ്ങളെ കുറിച്ചും പ്രസംഗകർ വിവരിച്ചു. റഷീദ് (ഐ.എം.സി.സി), രാജൻ നിലമ്പൂർ (ന്യൂഏജ്), ഹരികൃഷ്ണൻ, കഌറ്റസ്, ബാബുജി, ഗ്ലാഡ്‌സൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. നവോദയ പ്രസിഡന്റ് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ബാബുജി നന്ദിയും പറഞ്ഞു.

Latest News