ന്യൂദല്‍ഹി- ഇന്ത്യയില്‍ കുറഞ്ഞ വിമാന ടിക്കറ്റ് നിരക്ക് സര്‍ക്കാര്‍ അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്ത് ആഭ്യന്തര ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ സാഹചര്യമൊരുങ്ങി. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വിമാന ടിക്കറ്റ് നിരക്കിന്റെ പരിധി അഞ്ച് ശതമാനം ഉയര്‍ത്തുന്നത്.
വിമാന ഇന്ധനത്തിന്റെ (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍-എടിഎഫ്) വിലയില്‍ തുടര്‍ച്ചയായുണ്ടായ വര്‍ധന കണക്കിലെടുത്താണ് കുറഞ്ഞ നിരക്ക് അഞ്ച് ശതമാനം വര്‍ധിപ്പിക്കുന്നതെന്നും ഉയര്‍ന്ന നിരക്ക് ബാന്‍ഡിനെ വര്‍ധന ബാധിക്കില്ലെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. മാസത്തില്‍ മൂന്ന് തവണ പ്രതിദിന യാത്രക്കാരുടെ എണ്ണം മൂന്നരലക്ഷം കടന്നാല്‍ വ്യോമമേഖല 100% പ്രവര്‍ത്തനത്തിനായി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധന ഏര്‍പ്പെടുത്തിയതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് കാരണം. അനുവദനീയമായ ഷെഡ്യൂളുകളുടെ പരിധി 80 ശതമാനത്തില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.