മെല്‍ബണ്‍- പുതിയതായി വാങ്ങിയ വീടിന്റെ മച്ചിന് മുകളില്‍ പാമ്പുണ്ടെന്ന് തോന്നിയതിനെ തുടര്‍ന്ന് പാമ്പുപിടിത്തക്കാരനെ വിളിച്ചുവരുത്തിയതതാണ് ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡിലുള്ള ഒരു കുടുംബം. എന്നാല്‍ മച്ചിന് മുകളില്‍ കണ്ട കാഴ്ച അക്ഷരാര്‍ത്ഥത്തില്‍ പാമ്പുപിടുത്തക്കാരനെ വരെ ഞെട്ടിച്ചുകളഞ്ഞു. അന്‍പത്തി ഏഴ് പാമ്പിന്‍ തോലുകളാണ് റെയ്ദ് ന്യൂവല്‍ എന്ന പാമ്പുപിടുത്തക്കാരന്‍ മച്ചില്‍ നിന്നും കണ്ടെടുത്തത്. പല വീടുകളുടെയും മച്ചിനു മുകളില്‍ നിന്ന് മുന്‍പും പാമ്പിന്‍ തോലുകള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയധികം എണ്ണം ഒന്നിച്ചു കാണുന്നത് തന്റെ ആദ്യത്തെ അനുഭവമാണ് എന്ന് റെയ്ദ് വ്യക്തമാക്കി. ആദ്യം പുറത്തെടുത്ത കുറച്ചു പാമ്പിന്‍ തോലുകളുടെ ചിത്രങ്ങള്‍ മാത്രമാണ് റെയ്ദ് പകര്‍ത്തിയിട്ടുള്ളത്. പാമ്പിന്‍ തോലുകള്‍ കൂട്ടമായി കണ്ടതോടെ ഉടമസ്ഥരും അമ്പരന്നു. ഇതേതുടര്‍ന്ന് വീടും പരിസരവും മുഴുവന്‍ പരിശോധിച്ചെങ്കിലും ജീവനോടെ ഒരു പാമ്പിനെയും പിടികൂടാന്‍ സാധിച്ചില്ല.
പല വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ തോലുകളാണ് മച്ചില്‍ നിന്നും ലഭിച്ചത്. കാര്‍പെറ്റ് പൈതണിന്റേത് മുതല്‍ സാധാരണ മരങ്ങളില്‍ കാണുന്ന പാമ്പുകളുടെ തോലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ ഒരേ പാമ്പ് ഒന്നിലധികം തവണ ഒരേ സ്ഥലത്തെത്തി പടം പൊഴിക്കാന്‍ സാധ്യതയുള്ളതിനാല്‍ പാമ്പുകളുടെ എണ്ണം തിട്ടപ്പെടുത്താനാവില്ലെന്നും റെയ്ദ് പറയുന്നു.മുന്‍പുണ്ടായിരുന്ന വീട്ടുടമസ്ഥര്‍ക്ക് കോഴിവളര്‍ത്തല്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ് റെയ്ദിന്റെ നിഗമനം. എലികളും കോഴികളും ധാരാളം ഉണ്ടായിരുന്നതിനാലാവാം പാമ്പുകളും അധികമായി ഇവിടേക്കെത്തിയത്. താമസം തുടങ്ങും മുന്‍പ് പുതിയ ഉടമസ്ഥര്‍ വീട് വൃത്തിയാക്കിയിരുന്നു. ആളനക്കം ഉണ്ടായപ്പോള്‍ പാമ്പുകള്‍ അവിടെനിന്നും നീങ്ങിയതിനാലാവണം ജീവനോടെ ഒന്നിനെയും കണ്ടെത്താനാവാത്തതെന്നും റെയ്ദ് വിശദീകരിച്ചു.