റിയാദ് - ശാസ്ത്രീയ ആവശ്യങ്ങൾക്കുള്ള സൗദി സാറ്റലൈറ്റുകളുടെ വിക്ഷേപണം നീട്ടിവെച്ചതായി അധികൃതർ അറിയിച്ചു. കസാക്കിസ്ഥാനിലെ ബൈക്കനൂരിൽ നിന്ന് റഷ്യൻ ബഹിരാകാശപേടകമായ സോയൂസിൽ ഇന്നലെ രാവിലെ വിക്ഷേപിക്കാനിരുന്ന ശാഹീൻ സാറ്റ്, ക്യൂബ് സാറ്റ് എന്നിവയുടെ വിക്ഷേപണമാണ് നീട്ടിവെച്ചത്. 97 സെന്റീമീറ്റർ നീളവും 56 സെന്റീമീറ്റർ വീതിയും അത്രയും ഉയരവുമുള്ള ശാഹീൻ സാറ്റിന്റെ ഭാരം 75 കിലോ ആണ്. അമേരിക്കൻ കമ്പനിയായ ലിനാ സ്‌പേസ് കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി ശാഹീൻ സാറ്റ് നിർമിച്ചത്.
സൗദിയിൽ നിന്നുള്ള രണ്ടെണ്ണം അടക്കം 18 രാജ്യങ്ങളിൽ നിന്നുള്ള 38 സാറ്റലൈറ്റുകൾ ഇന്നലെ സോയൂസ് റോക്കറ്റിൽ ഭ്രമണപഥത്തിൽ എത്തിക്കാനിരുന്നതാണ്. കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി നിർമിക്കുന്ന പതിനേഴാമത്തെ സാറ്റലൈറ്റ് ആണ് ശാഹീൻ. ക്യൂബ് സാറ്റ് വികസിപ്പിച്ച് നിർമിച്ചത് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി ആണ്.