ഐസ്വാൾ- പട്ടാള അട്ടിമറിയെത്തുടർന്ന് അതിർത്തി കടന്നെത്തുന്ന മ്യാൻമർ പൌരന്മാർക്ക് അഭയം നൽകാനുള്ള മിസോറമിന്റെ നീക്കത്തെ തടഞ്ഞ് കേന്ദ്ര സർക്കാർ. മ്യാൻമർ പൌരന്മാർക്ക് അഭയം നൽകാനും അവർക്കനുകൂലമായി നയം രൂപീകരിക്കാനും സംസ്ഥാന സർക്കാർ തയ്യാറാണ്. എന്നാൽ കേന്ദ്ര സർക്കാരിന്റെ തീരുമാനം ഇവരെ തിരിച്ച് മ്യാൻമറിലേക്ക് കയറ്റിവിടുകയെന്നതാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതിർത്തി സംസ്ഥാനങ്ങളോട് ഇത്തരം കടന്നുവരവുകൾ തടയാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പട്ടാളത്തിന്റെ ഉപദ്രവങ്ങളിൽ നിന്നും രക്ഷപ്പെടാൻ അതിർത്തി കടന്നെത്തിയവരിൽ ഭൂരിഭാഗവും പൊലീസുകാരാണ്. ജനാധിപത്യ പ്രക്ഷോഭകർക്കു നേരെ വെടിവെക്കാനുള്ള പട്ടാള ഉത്തരവിനെ അനുസരിക്കാതിരുന്നവരാണ് മിക്കവരും. ഇക്കാരണത്താൽ തന്നെ തിരിച്ച് കയറ്റിവിടുന്നത് അവരെ സംബന്ധിച്ചിടത്തോളം അത്യന്തം അപകടകരമാണ്.
എൻഡിഎക്ക് പ്രശ്നാധിഷ്ഠിത പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള മിസോ നാഷണൽ ഫ്രണ്ട് ആണ് മിസോറം ഭരിക്കുന്നത്. മ്യാൻമറിൽ നിന്നും പട്ടാള അട്ടിമറിയെത്തുടർന്ന് കടന്നുവരുന്ന അഭയാർത്ഥികളെ സ്വീകരിക്കുന്ന നയമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് നേരത്തെ അസം റൈഫിൾസ് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. അസം റൈഫിൾസാണ് മ്യാൻമറുമായുള്ള മിസോറമിന്റെ 510 കിലോമീറ്റർ വരുന്ന അതിർത്തിക്ക് കാവൽ നിൽക്കുന്നത്. സങ്ങൾ സംസ്ഥാന സർക്കാരുമായി ഇത്തരം വിഷയങ്ങളിൽ നല്ല ബന്ധത്തിലല്ലെന്ന വസ്തുതയും അസം റൈഫിൾസ് കേന്ദ്രത്തെ അറിയിക്കുകയുണ്ടായി. നിരവധി അഭയാർത്ഥികളെ തങ്ങൾ തിരിച്ചോടിക്കുകയുണ്ടായെന്നും ഒരു അഭയാർത്ഥി പ്രതിസന്ധി മേഖലയിൽ രൂപപ്പെട്ടേക്കാമെന്നും സേന കേന്ദ്രത്തെ അറിയിച്ചു. അസം റൈഫിൾസ് തന്നെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടതും.
ഫെബ്രുവരി 27ന്, അതിർത്തി കടന്നെത്തുന്നവർക്ക് സൌകര്യങ്ങൾ ചെയ്തു നൽകാനുള്ള മാനദണ്ഡങ്ങൾ (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ) സംസ്ഥാന സർക്കാർ പുറത്തിറക്കുകയുണ്ടായി. അതിർത്തി ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർ മ്യാൻമർ പൌരന്മാരെ തിരിച്ചറിയാനും ദൈനംദിന വിവരങ്ങൾ നൽകാനും ഇതിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. രാഷ്ട്രീയ ബന്ധങ്ങൾ മൂലം ജീവന് അപായം സംഭവിക്കാനിടയുള്ളവരെ മാത്രമാണ് അഭയാർത്ഥികളായി കണക്കാക്കുകയെന്ന് സംസ്ഥാനം ഈ മാനദണ്ഡങ്ങളിൽ വ്യക്തമാക്കിയിരുന്നു.
അതെസമയം അസം റൈഫിൾസ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടതോടെ ഈ മാനദണ്ഡങ്ങൾ സർക്കാർ പിൻവലിച്ചു. നിലവിൽ പ്രദേശത്തെ കമ്യൂണിറ്റി ഹാളുകളിലും മറ്റുമാണ് അതിർത്തി കടന്നെത്തിയവർ കഴിയുന്നത്.