മുള്‍ത്താന്‍- പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറില്‍ മാര്‍ച്ച് 31 ന് കര്‍ഷകര്‍ ധര്‍ണ നടത്തും. വൈദ്യുതി, രാസവളങ്ങള്‍, മറ്റ് കാര്‍ഷിക സാമഗ്രികള്‍ എന്നിവയുടെ വിലക്കയറ്റത്തിനെതിരെയാണ് കര്‍ഷകരുടെ കൂട്ടായ്മ കുത്തിയിരിപ്പ് സമരം പ്രഖ്യാപിച്ചത്.
കോര്‍പ്പറേറ്റുകള്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കുന്നതിന് ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ പരിഷാകാരങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരത്തിലാണ്. കര്‍ഷകരുടെ സമരം മാസങ്ങള്‍ പിന്നിട്ടിട്ടും വിവാദ നിയമങ്ങള്‍ പിന്‍വലിക്കാനോ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനോ ബി.ജെ.പി സര്‍ക്കാര്‍ തയാറായിട്ടില്ല.
പണപ്പെരുപ്പത്തിനെതിരെ മുല്‍ത്താനില്‍ കിസാന്‍ ഇത്തിഹാദിന്റെ നേതൃത്വത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി നടന്നു. നഗത്തിലെ പ്രധാന റോഡുകള്‍ വഴിയായിരുന്നു ട്രാക്ടര്‍ റാലി. മാര്‍ച്ച് 31 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ട്രാക്ടറുകളില്‍ ലാഹോറിലെത്തുമെന്ന് അസോസിയേഷന്‍ അറിയിച്ചു.
പിടിഐയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് വാങ്ങുന്നതെന്നും കര്‍ഷകര്‍ക്ക് ചെലവുകള്‍ പോലും ഒത്തുപോകുന്നില്ലെന്നും സമരക്കാര്‍ പറഞ്ഞു.
രാസവളങ്ങള്‍ക്കും ഡീസലിനും സബ്‌സിഡി നല്‍കുന്നതിനൊപ്പം കുഴല്‍ കിണറുകള്‍ക്ക് കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കണമെന്നുമാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.