Sorry, you need to enable JavaScript to visit this website.

ബി.ഡി.ജെ.എസിന് രഹസ്യ നീക്കുപോക്കെന്ന് ആരോപണം; പൂഞ്ഞാറിലും ഏറ്റുമാനൂരിലും ബി.ജെ.പി സ്ഥാനാർഥികൾ

കോട്ടയം - തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ബി.ജെ.പി മുന്നണി ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് രഹസ്യ നീക്കുപോക്ക് ഉണ്ടെന്ന് ആരോപണം. ഇതേതുടർന്ന് പി.സി. ജോർജ് മത്സരിക്കുന്ന പൂഞ്ഞാറിലും സി.പി.എം ജില്ലാ സെക്രട്ടറി മത്സരിക്കുന്ന ഏറ്റുമാനൂരിലും ബി.ജെ.പി സ്വന്തം സ്ഥാനാർഥികളെ രംഗത്തിറക്കി. ഇരുമണ്ഡലങ്ങളിലും ബി.ജെ.പി ഘടകകക്ഷിയായ ബി.ഡി.ജെ.എസിനാണ് നേരത്തെ സീറ്റു നൽകിയത്. രണ്ടിടത്തും ദുർബല സ്ഥാനാർഥികളെ നിർത്തിയതിനെ തുടർന്ന് എൻ.ഡി.എയിൽ തർക്കം ഉടലെടുത്തു. തുടർന്ന് ഏറ്റുമാനൂരിൽ ബി.ജെ.പിക്കായി ടി.എൻ. ഹരികുമാറും ബി.ഡി.ജെ.എസിനായി ശ്രീനിവാസും നാമനിർദ്ദേശ പത്രിക നൽകി. ഹരികുമാറിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്നലെ വൈകുന്നേരം ഏറ്റുമാനൂരിൽ നടക്കുകയും ചെയ്തു. പൂഞ്ഞാറിൽ ബി.ജെ.പിക്കായി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവും ബി.ഡി.ജെ.എസിനായി ജില്ലാ പ്രസിഡന്റ് എം.പി. സെന്നുമാണ് പത്രിക നൽകിയത്. 
ഏറ്റുമാനൂരിൽ ഭരത് കൈപ്പാറേടൻ എന്ന വിദ്യാർഥിയെയാണ് ബി.ഡി.ജെ.എസ് ആദ്യം സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു തന്നെ പ്രതികരിച്ചതോടെ ഭരതിനെ മാറ്റി. മോഡിയുടെ വിമർശകനെ സ്ഥാനാർഥിയാക്കാനാവില്ലെന്നാണ് നോബിൾ അറിയിച്ചത്.


അതിനിടെ, ഏറ്റുമാനൂരിലും പൂഞ്ഞാറിലും തർക്കം പരിഹരിച്ചതായി സൂചനയുണ്ട്. ഏറ്റുമാനൂരിൽ ബി.ജെ.പി സ്ഥാനാർഥിയും, പൂഞ്ഞാറിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയും മത്സരിക്കാനാണു ധാരണ. പൂഞ്ഞാറിൽ ആദ്യം ഉല്ലാസാണ് ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി പത്രിക നൽകിയത്. എന്നാൽ എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് മത്സരിക്കാനാവില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉല്ലാസ് പിന്മാറി. ഉല്ലാസായിരുന്നു കഴിഞ്ഞ തവണയും സ്ഥാനാർഥി. എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെ മത്സരം സംബന്ധിച്ച ഹൈക്കോടതി വിധി ഇന്നലെ സുപ്രീം കോടതി സ്റ്റേ ചെയ്തു. 


കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, പാല, പൂഞ്ഞാർ, ഏറ്റുമാനൂർ തുടങ്ങിയ സീറ്റുകളിലെല്ലാം രഹസ്യധാരണ ആരോപണം ഉയർന്നിട്ടുണ്ട്. നാരായണൻ നമ്പൂതിരി, നോബിൾ മാത്യു, രാധാകൃഷ്ണ മേനോൻ, ജയസൂര്യൻ എന്നിങ്ങനെ ജില്ലയിലെ തലയെടുപ്പുള്ള പല ബി.ജെ.പി നേതാക്കൾക്കും സീറ്റില്ല എന്നതാണ് ശ്രദ്ധേയം. ചങ്ങനാശ്ശേരിയിൽ  രാധാകൃഷ്ണ മേനോന് സീറ്റ് നൽകാതെ എൻ.എസ്.എസിന് താൽപര്യമില്ലാത്ത രാമൻ നായരെ സ്ഥാനാർഥിയാക്കി. എൻ.എസ്.എസിനെ പ്രകോപിപ്പിക്കുന്ന തരത്തിൽ ഇത്തരമൊരു സ്ഥാനാർഥി നിർണ്ണയം രഹസ്യ ധാരണയുടെ ഭാഗമെന്നാണ് വിലയിരുത്തൽ. പാലായിൽ എൻ. ഹരി കേരള കോൺഗ്രസിന് വേണ്ടി വോട്ടു മറിച്ചുവെന്ന ആരോപണമുന്നയിച്ച് ബിനു പുളിക്കക്കണ്ടം ബി.ജെ.പിയിൽനിന്ന് രാജിവെച്ചിരുന്നു. ഹരി പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെയാണ് മത്സരിക്കുന്നത്.


കോട്ടയത്ത് ജനപ്രീതിയുള്ള ബി.ജെ.പി നേതാവായ ടി.എൻ. ഹരികുമാർ സ്ഥാനാർഥിത്വം ഉറപ്പിച്ചെങ്കിലും പൂഞ്ഞാർ സ്വദേശിയായ മുൻ ഇടത് നേതാവ് മിനർവ മോഹനെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. മാർച്ച് രണ്ടിനു കോട്ടയത്ത് എത്തിയ വിജയയാത്രയിലാണ് മിനർവ ബി.ജെ.പിയിൽ ചേർന്നത്. വൈകാതെ സീറ്റും തരപ്പെടുത്തി. ടി.എൻ. ഹരികുമാർ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വരെ പൂർത്തിയാക്കിയിരുന്നു. ജില്ലാ പ്രസിഡന്റായ നോബിൾ മാത്യു കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കാൻ താൽപര്യപ്പെട്ടെങ്കിലും സീറ്റ് കൊടുത്തില്ല. താൻ മത്സരിച്ചാൽ കാഞ്ഞിരപ്പള്ളിയിൽ കൂടുതൽ വോട്ടു കിട്ടുമായിരുന്നുവെന്ന് നോബിൾ കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

Latest News