ഹെല്‍സിങ്കി- ഒരു വര്‍ഷത്തിനിടെ ലോകമൊട്ടാകെ കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച് ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും നിരവധി പേര്‍ പട്ടിണിയിലാകുകയും ചെയ്‌തെങ്കിലും ഏറ്റവും സന്തുഷ്ട രാജ്യങ്ങളുടെ കണക്കെടുപ്പ് യുഎന്‍ പിന്തുണയോടെ മുറപോലെ ഇത്തവണയും നടന്നു. കോവിഡ് നാശം വിതച്ചെങ്കിലും സന്തോഷ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ സന്തോഷത്തിന് ഒരു കുറവുമില്ലെന്നാണ് പുതിയ റിപോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. തുടര്‍ച്ചയായി നാലാം വര്‍ഷവും ഫിന്‍ലന്‍ഡ് തന്നെയാണ് സന്തോഷത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍.
149 രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തിയാണ് ഒമ്പതാമത് വേള്‍ഡ് ഹാപ്പിനസ് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആളുകളോട് അവരുടെ സന്തോഷത്തെ കുറിച്ചാണ് സര്‍വേയില്‍ ചോദിച്ചത്. രാജ്യത്തിന്റെ ജിഡിപി, സാമൂഹിക പിന്തുണ, വ്യക്തി സ്വാതന്ത്ര്യം, അഴിമതിയുടെ തോത് എന്നീ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ഹാപിനസ് റാങ്കിങ് നല്‍കിയിരിക്കുന്നത്.
ഇത്തവണയും യുറോപ്യന്‍ രാജ്യങ്ങളാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ഡെന്‍മാര്‍ക്ക്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ് ലാന്‍ഡ്, നെതല്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങള്‍ പിന്നീട് വരുന്നു. ന്യൂസീലാന്‍ഡ് ഒരു പടി താഴ്ന്ന് ഒമ്പതാം സ്ഥാനത്തെത്തി. ആദ്യ പത്തിലെ യൂറോപ്യന്‍ രാജ്യമല്ലാത്ത ഏക നാടും ന്യൂസിലന്‍ഡ് ആണ്. പട്ടികയില്‍ ജര്‍മനിയും ഫ്രാന്‍സും നിലമെച്ചപ്പെടുത്തി.
സന്തോഷം ഏറ്റവും കുറവുള്ള രാജ്യങ്ങളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ലെസോത്തൊ, ബോട്‌സ്വാന, റുവാണ്ട, സിംബാബ്വെ എന്നിവയാണ്. ലോകത്തെ ഏറ്റവും അസന്തുഷ്ടരാജ്യമെന്ന പേരുമായി അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവു പിറകില്‍.