Sorry, you need to enable JavaScript to visit this website.

പാര്‍വതി മതം മാറണമെന്ന്  നിര്‍ബന്ധിച്ചത്  ജഗതി-പി.സി ജോര്‍ജ്

പൂഞ്ഞാര്‍- തെരഞ്ഞെടുപ്പ് കാലത്തു എതിരാളികള്‍ പി.സി ജോര്‍ജിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണമാണ് മകന്റെ ഭാര്യയായ പാര്‍വതിയെ മതം മാറ്റിച്ചു എന്നത്. എന്നാല്‍ ഇതൊക്കെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും പാര്‍വതി മതം മാറണമെന്ന് വാശിപിടിച്ചത് അച്ഛനായ ജഗതി ശ്രീകുമാര്‍ ആണെന്നും പി.സി പറയുന്നു.
ഒരു അഭിമുഖത്തിലാണ്  തന്റെ മകനും ജഗതി ശ്രീകുമാറിന്റെ മകളും തമ്മിലുള്ള വിവാഹത്തെ കുറിച്ചും പാര്‍വതിയെ വിവാഹത്തിന് മുന്‍പ് മതം മാറ്റിയതിന് പിന്നിലുള്ള കഥകളെ കുറിച്ചും പി.സി വിശദീകരിച്ചത്. മതം മാറ്റിയ ശേഷമേ മകളെ ഈ വീട്ടിലേക്ക് വിവാഹം ചെയ്ത് അയക്കൂവെന്ന് ജഗതി അന്ന് നിര്‍ബന്ധം പിടിച്ചതെന്നും ഹിന്ദുവായി തന്നെ അവള്‍ ഇവിടെയും ജീവിച്ചാല്‍ മതിയെന്നായിരുന്നു തങ്ങളുടെ നിലപാടെന്നും പി.സി ജോര്‍ജ് അഭിമുഖത്തില്‍ പറയുന്നു.
മകനും പാര്‍വതിയും തമ്മില്‍ ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോള്‍ ഒരു എതിര്‍പ്പും പറഞ്ഞിട്ടില്ലെന്നും എത്രയും പെട്ടെന്ന് വിവാഹം നടത്തണമന്നായിരുന്നു തനിക്ക് താത്പര്യമെന്നും എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞതിന് ശേഷം മതി വിവാഹമെന്ന് ജഗതി ശ്രീകുമാര്‍ നിലപാടെടുക്കുകയായിരുന്നെന്നും ജോര്‍ജ് പറയുന്നു. എന്നാല്‍ മക്കളുടെ കാര്യത്തില്‍ പല വിവാദങ്ങളും പച്ചക്കള്ളങ്ങളും വാര്‍ത്തയായി വന്നതോടെ എത്രയും പെട്ടെന്ന് വിവാഹം നടത്തണമെന്ന് ജഗതി ആവശ്യപ്പെടുകയായിരുന്നെന്നും വിവാഹത്തിന് മുന്‍പായി തന്റെ വീട്ടില്‍ എത്തിയ ജഗതി മകളെ മതംമാറ്റണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നെന്നും പി.സി ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു.
'ചെറുക്കന്‍ ക്രിസ്ത്യാനിയും പെണ്ണ് ഹിന്ദുവും ആയതുകൊണ്ട് വിവാഹം പള്ളിയില്‍ വെച്ച് നടത്താമോ എന്ന് ഞാന്‍ ഇവിടെ പിതാവിനോട് ചോദിച്ചിരുന്നു. നിയമം അനുസരിച്ച് പള്ളിയില്‍ വെച്ച് തന്നെ വിവാഹം നടത്താമെന്ന് അച്ചനും പറഞ്ഞു. അങ്ങനെ പള്ളിയില്‍ വെച്ച് വിവാഹം നടത്താനിരിക്കുമ്പോള്‍ ഒരു ദിവസം ജഗതി ഫോണില്‍ വിളിച്ച്, ഞാന്‍ അങ്ങോട്ട് വരുന്നു എന്ന് പറഞ്ഞു. അങ്ങനെ ഇവിടെ എത്തിയ ശേഷം എന്നോട് ചോദിച്ചു, വിവാഹശേഷം ഇവര്‍ ഈരാറ്റുപേട്ടയാണോ അതോ തിരുവനന്തപുരത്താണോ താമസിക്കാന്‍ പോകുന്നതെന്ന്. എന്റെ മകന്‍ ഈരാറ്റുപേട്ട തന്നെ താമസിക്കാനാണ് സാധ്യതയെന്നും  പറഞ്ഞു, അവനോട് ചോദിക്കാമെന്ന് പറഞ്ഞ് അവനോടും അഭിപ്രായം ചോദിച്ചു. ഞാന്‍ ഇവിടെത്തന്നെ താമസിക്കുമെന്നും ഇവിടം വിട്ട് പോകില്ലെന്നും അവന്‍ പറഞ്ഞു. നന്നായി, എനിക്കിഷ്ടപ്പെട്ടു എന്നായിരുന്നു ജഗതിയുടെ മറുപടി. പക്ഷേ ഒരു കാര്യമുണ്ടെന്നും ഇവിടെയാണ് നിങ്ങള്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മകളെ നിങ്ങള്‍ ക്രിസ്ത്യാനിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.അതിന്റെ ആവശ്യമെന്താണെന്നും ഹിന്ദുവായിരിക്കുന്നതില്‍ ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും ഞാന്‍ പറഞ്ഞു. എം.എല്‍.എയ്ക്ക് അത് പറയാമെന്നും എന്നാല്‍ അങ്ങനെ പറഞ്ഞാല്‍ ഒക്കില്ലെന്നുമായിരുന്നു ജഗതിയുടെ മറുപടി. 'ഞാനും എം.എല്‍.എയുമെല്ലാമങ്ങ് മരിച്ചു പോകും. ഇത് കഴിഞ്ഞ് ഷോണും പാര്‍വതിയും മക്കളും കൂടി ജീവിക്കണം. അത് കഴിഞ്ഞ് ഷോണും പാര്‍വതിയും മരിക്കുന്ന ഒരു കാലം വരും. അപ്പോള്‍ ഷോണിനെ നിങ്ങള്‍ നിങ്ങളുടെ കുടുംബകല്ലറയില്‍ കൊണ്ടുപോയി അടക്കും, എന്റെ മകളെ നിങ്ങള്‍ എവിടെയാ അടക്കുന്നത് തെമ്മാടിക്കുഴിയിലോ? അങ്ങേര് ചോദിച്ചതാണ്.
ഒന്നുകില്‍ ഇവര്‍ക്ക് തിരുവനന്തപുരത്ത് വന്ന് ജീവിക്കാം, അവിടെ എല്ലാം ശ്മശാനമാണ്. ഈരാറ്റുപേട്ടയിലാണെങ്കില്‍ എന്റെ മകളെ നാളെ ക്രിസ്ത്യാനിയാക്കണം, എന്നാലേ വിവാഹം നടക്കൂവെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. പുള്ളിയാണ് പറഞ്ഞത്, ഞാനല്ല. എന്നിട്ട് അദ്ദേഹം തന്നെയാണ് പള്ളീലച്ചന്റെയടുത്ത് പോയതും മകളെ മാമോദീസ മുക്കിയതും. അങ്ങനെ അച്ചന്‍ എന്നെ വിളിച്ചു ജഗതി ശ്രീകുമാര്‍ വന്നിരുന്നെന്നും മകളെ മാമോദീസ മുക്കണമെന്ന് പറഞ്ഞെന്നും പറഞ്ഞു. അല്‍ഫോണ്‍സാ എന്നോ മറ്റോ ഒരു പേരും ഇട്ടു. ഞാന്‍ അവളെ പാറു എന്നാണ് വിളിക്കുന്നത്, പി.സി ജോര്‍ജ് വിശദീകരിച്ചു. 


 

Latest News