കൊല്‍ക്കത്ത- കുടിച്ചു ലക്കില്ലാതെ മൃഗശാലയില്‍ സിംഹത്തിനടുത്തേക്ക് ചാടിയ യുവാവ് സിംഹത്തിന്റെ കടിയേറ്റ് ഗുരതരാവസ്ഥയില്‍. അലിപൂര്‍ മൃഗശാലയിലാണ് സംഭവം. പരിക്കേറ്റ 40 കാരന്‍ ഗൗതം ഗുചൈറ്റ് അപകടനില തരണം ചെയ്തിട്ടില്ല.
മദ്യപിച്ച നിലയിലെത്തിയ ഇയാള്‍ സിംഹക്കൂട്ടിനടുത്തേക്ക് ചാടുകയായിരുന്നുവെന്ന് ജീവനക്കാര്‍ പറയുന്നു. ഇന്ന് രാവിലെ 11.30 ഓടെ മൃഗശാലയില്‍ മതില്‍ ചാടി പ്രവേശിച്ച ഇയാള്‍ രണ്ട് നെറ്റുകളും കടന്നാണ് സിംഹക്കൂട്ടിനു സമീപമെത്തിയത്. കൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ സിംഹത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
മറ്റ് സന്ദര്‍ശകര്‍ അറിയിച്ചതിനെ തുടര്‍ന്ന് കാവല്‍ക്കാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. കൊല്‍ക്കത്തയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയാണ് ഗൗതം. സംഭവത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.