ഗാന്ധിനഗർ- ദലിതന്‍റെ കൊലപാതകം സ്പീക്കറുടെ അനുമതിയില്ലാത ഉന്നയിച്ച ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎ ജിഗ്നേഷ് മേവാനിക്ക് ഒരു ദിവസത്തെ സസ്പെന്‍ഷന്‍. സ്പീക്കർ രാജേന്ദ്ര ത്രിവേദിയുടെ നിർദേശപ്രകാരം അദ്ദേഹത്തെ സഭയിൽ നിന്ന് പിടിച്ചു പുറത്താക്കുകയായിരുന്നു.
ചോദ്യാത്തരവേള അവസാനിച്ചയുടൻ വാഡ്ഗാം നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മേവാനി എന്തുകൊണ്ട് ദലിത് കൊലപാതകത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന പോസ്റ്റർ ഉയർത്തുകയായിരുന്നു. പോലീസുകാരന്‍റെ സാന്നിധ്യത്തിൽ ഈ മാസം രണ്ടിന് ആള്‍ക്കൂട്ടം നടത്തിയ കൊലപാതകമായിരുന്നു വിഷയം.
ഭാവ് നഗറിലെ ഘോഗ താലൂക്കിലെ സനോദറിൽ താമസിക്കുന്ന അമ്രഭായ് ബോറിച്ച (50) എന്നയാളെയാണ് പ്രാദേശിക പോലീസ് സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ കൊലപ്പെടുത്തിയത്.
സ്പീക്കർ മേവാനിയുടെ മൈക്ക് ഓഫാക്കിയപ്പോൾ അദ്ദേഹം ശബ്ദമുയർത്തി. എന്തുകൊണ്ടാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ ഇതുവരെ എസ്ഐയെ അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ചു. ആഭ്യന്തര സഹമന്ത്രി പ്രദീപ്സിങ് ജഡേജയ്ക്ക് എസ്.ഐയുമായി ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.
തുടർന്ന് സീറ്റില്‍ ഇരിക്കണമെന്നും അച്ചടക്കം പാലിക്കണമെന്നും സ്പീക്കർ മേവാനിയോട് അഭ്യർഥിച്ചു. എന്തെങ്കിലും പ്രശ്‌നം ഉന്നയിക്കണമെങ്കിൽ ആദ്യം തന്നോട് അനുമതി തേടണമെമന്നും സ്പീക്കർ ത്രിവേദി എംഎൽഎയോട് പറഞ്ഞു. ആവർത്തിച്ച് അഭ്യർഥിച്ചിട്ടും മേവാനി ഇരിക്കാതിരുന്നപ്പോൾ എംഎൽഎയെ സഭയിൽ നിന്ന് പുറത്താക്കാൻ ത്രിവേദി സർജന്റുകളോട് ആവശ്യപ്പെടുകയായിരുന്നു. ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണെന്നും മേവാനിയെ അറിയിച്ചു.
കൂടുതൽ ബലം പ്രയോഗിക്കാതെ തന്നെ മേവാനിയെ സർജന്റുമാർ പുറത്തെത്തിച്ചു.