ലണ്ടൻ- ലോകത്ത് നിലവിലുള്ള എല്ലാ കറൻസികളേക്കാളും സ്വർണത്തേക്കാളും മൂല്യമേറിയ ഡിജിറ്റൽ കറൻസിയായി ബിറ്റ്‌കോയിൻ എന്ന ക്രിപ്‌റ്റോകറൻസി മാറിക്കഴിഞ്ഞു. ഒരു ബിറ്റ്‌കോയിനിന്റെ ഇന്നത്തെ മൂല്യം 11,500 യുഎസ് ഡോളറാണ്. ലോകത്തൊട്ടാകെ പണമിടപാടുകൾക്കും നിക്ഷേപങ്ങൾക്കും മറ്റു വിൽക്കൽ വാങ്ങലുകൾക്കുമെല്ലാം ഇപ്പോൾ ഇത് ഉപയോഗിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഏറ്റവുമധികം ബിറ്റ്‌കോയിൻ നിക്ഷേപമുള്ളവർ സമ്പന്നരുടെ പട്ടികയിൽ മുന്നിലേക്കു കുതിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ബിറ്റ്‌കോയിൻ എന്ന് ലോകം കേട്ടു തുടങ്ങുന്ന കാലത്ത് 7500 ബിറ്റ്‌കോയിൻ നിക്ഷേപം സ്വന്തമായുണ്ടാക്കിയ ബ്രീട്ടീഷ് ഐ.ടി ജീവനക്കാരനായ ജെയിംസ് ഹോവൽസ് പുറത്തു വരുന്നത്.
വൻ മൂല്യമുള്ള ഇത്രയും ബിറ്റ്‌കോയിൻ നിക്ഷേപമുള്ള ഹോവൽസിന്റെ ഇപ്പോഴത്തെ പണി ബ്രിട്ടനിലെ മാലിന്യക്കൂമ്പാരങ്ങൾ ചിക്കിച്ചികയലാണ്. മാലിന്യ സംസ്‌കരണ പ്ലാന്റിലാണ് ഹോവൽസിന് ജോലി എന്നു കരുതിയെങ്കിൽ തെറ്റി. 2009ൽ തന്റെ കമ്പ്യൂട്ടർ വൈദഗ്ധ്യം ഉപയോഗിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ വൻ ബിറ്റ്‌കോയിൻ നിക്ഷേപമെന്ന നിധി ഒളിഞ്ഞു കിടക്കുന്നത് ഏതൊ ഒരു മാലിന്യകൂമ്പാരത്തിലാണ്. തന്റെ ഗേൾഫ്രണ്ട് തടഞ്ഞിരുന്നില്ലെങ്കിൽ ഇനിയുമേറെ ബിറ്റ്‌കോയിൻ സമ്പാദ്യം ഹോവൽസിനുണ്ടാകുമായിരുന്നു. മുറിയിലെ കംപ്യൂട്ടറുകളുടെ ശല്യം സഹിക്കവയ്യാതെയാണ് അവൾ ഹോവൽസിനെ മോണിറ്ററുകൾക്കു മുന്നിൽ നിന്നും പിടിച്ചുമാറ്റിയത്. പിന്നീട് ഹാർഡ് വെയറുകളുടെ എണ്ണം കുറച്ച് മുറി വൃത്തിയാക്കുകയാണ് ഹോവൽസ് ചെയ്തത്. നാരങ്ങാവെള്ളം ചിന്തിയതിനെ തുടർന്ന് പല ഉപകരണങ്ങളും പാഴ് വസ്തുക്കളായി വിറ്റു കാലിയാക്കി. തന്റെ വിലയേറിയ ഡിജിറ്റൽ നിക്ഷേപത്തിന്റെ താക്കോൽ സൂക്ഷിച്ചിരുന്ന ഹാർഡ് െ്രെഡവ് മറ്റൊരിടത്തും സൂക്ഷിച്ചു. പിന്നീട് ഇതും പാഴ്‌വസ്തുക്കളുടെ കൂട്ടത്തിൽ ഒഴിവാക്കപ്പെട്ടു.
2013 അവസാനമായപ്പോഴാണ് ബിറ്റ്‌കോയിൻ നിക്ഷേപത്തിന്റെ കുതിച്ചുയർന്ന മൂല്യത്തെ കുറിച്ച് ഹോവൽസ് അറിഞ്ഞു തുടങ്ങിയത്. തന്റെ ബിറ്റ്‌കോയിൻ നിക്ഷേപത്തിന്റെ താക്കോൽ നഷ്ടമാകാനിടവരുത്തിയ തിരക്കിട്ടുള്ള മുറി വൃത്തിയാക്കൽ യജ്ഞത്തെ പഴിച്ചു. വിപണി മൂല്യം കുതിച്ചു കയറിക്കൊണ്ടിരുന്ന ആ കാലത്ത് തന്റെ നിക്ഷേപത്തിന് ഏതാനും ദശലക്ഷങ്ങളുടെ മൂല്യമുണ്ടെന്ന് ഹോവൽസ് തിരിച്ചറിഞ്ഞു. അന്നു തുടങ്ങിയ മാലിന്യകൂമ്പാരങ്ങളിൽ തന്റെ ആ പഴയ ഹാർഡ് െ്രെഡവിനു വേണ്ടിയുള്ള തിരച്ചിൽ. നാലു വർഷമായി അത് ഇനിയും അവസാനിപ്പിച്ചിട്ടില്ല. ഏതാണ്ട് 80 ദശലക്ഷം യുഎസ് ഡോളറോളം മൂല്യം വരുന്ന ഹോവൽസിന്റെ ഈ ബിറ്റ്‌കോയിൻ നിക്ഷേപം ഇന്ന് ഈ ചപ്പുചവറുകളുടെ കൂമ്പാരങ്ങൾക്കടിയിൽ എവിടെയോ ഒളിച്ചിരിക്കുന്നുണ്ട്.
ഇതു തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ മാലിന്യ കൂമ്പാരങ്ങൾ ചികഞ്ഞു പരിശോധിക്കാൻ വൻ തുക മുടക്കി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഹോവൽസ്. അഞ്ച് വർഷം പഴക്കമുള്ള വിശാലമായ പറമ്പിൽ വ്യാപിച്ചു കിടക്കുന്ന മാലിന്യം കൂമ്പാരം മുഴുവൻ ചിക്കിച്ചികഞ്ഞ് പരിശോധിച്ചു വരികയാണിപ്പോൾ. മാരകമായ വാതകങ്ങളുടേയും അഗ്‌നിബാധയുടേയും ആരോഗ്യ ഭീഷണിയുടേയും ആശങ്കകളെ വകവയ്ക്കാതെയാണ് ഈ ശ്രമം. ഇപ്പോഴും പ്രവർത്തിക്കുമോ ഇല്ലയോ എന്നും പോലും ഉറപ്പില്ലാത്ത പഴയ ഒരു ലാപ്‌ടോപ് കണ്ടെത്താനാണ് ഹോവൽസിന്റെ തീവ്രശ്രമം. ഈ ലാപ്‌ടോപിലെ ഹാർഡ് െ്രെഡവിലാണ് തന്റെ കൂറ്റൻ സമ്പാദ്യത്തിന്റെ താക്കോൽ ഉള്ളത്.