ദമാം- നോക്കൂ, ട്രാഫിക് സിനിമയിലെ കഥയെ പോലും വെല്ലുന്ന സംഭവകഥ സൗദിയിൽനിന്ന്. പ്രസവത്തിനിടെ മരിച്ച ഭാര്യയുടെ മൃതദേഹത്തെയും നവജാത ശിശുവിനെയും നാട്ടിലെത്തിക്കുന്നതിന് പ്രവാസി യുവാവും അയാളെ സഹായിക്കാൻ സന്നദ്ധ പ്രവർത്തകനും ഓടിയ ഓട്ടത്തിന്റെ കഥ കേൾക്കുമ്പോൾ ശ്വാസം വിടാൻ പോലുമാകില്ല. അത്രയേറെ ഉദ്വേഗം നിറഞ്ഞ ഒരു സംഭവം.
കഥ ഇങ്ങിനെ:
ഹൈദരാബാദ് സ്വദേശി ഷാനവാസിന്റെ ഭാര്യ പർവീന് സുൽത്താന അൽകോബാറിലെ ഒരു ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. സിസേറിയനായിരുന്നു. പ്രസവത്തിനിടെയുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. തന്റെ ഭാര്യയുടെ മൃതദേഹം ഉടൻ നാട്ടിലേക്ക് കൊണ്ടുപോകാനാവശ്യമായ സഹായം നൽകണമെന്നാവശ്യപ്പെട്ട് ഷാനവാസ് ദമാമിലെ സന്നദ്ധപ്രവർത്തകൻ നാസ് വക്കത്തെ സമീപിച്ചു. അദ്ദേഹം പ്രശ്‌നത്തിൽ ഇടപെട്ടു. ഷാനവാസ്-പർവീൻ സുൽത്താന ദമ്പതികൾക്ക് ഒരു വയസുള്ള മറ്റൊരു കുഞ്ഞുകൂടിയുണ്ട്. പർവീനയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ വലിയ സാങ്കേതിക തടസമില്ല. പക്ഷെ, നവജാത ശിശുവിന് പാസ്‌പോർട്ട് എടുക്കുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്. പ്രത്യേകിച്ചും ഇത്തരം അവസ്ഥയിൽ. പാസ്‌പോർട്ട് എടുക്കുന്നതിനായി ദമാം വി.എഫ്.എസിൽ എത്തിയപ്പോഴാണ് നവജാത ശിശുക്കളുടെ പാസ്‌പോർട്ട് എടുക്കരുതെന്ന നിർദ്ദേശം റിയാദ് എംബസി നൽകിയെന്ന വിവരം ലഭിക്കുന്നത്. ഫീസിൽ ഇളവുണ്ടാകുമെന്ന് എംബസി അറിയിച്ചതുകൊണ്ടാണ് നവജാത ശിശുക്കളുടെ പാസ്‌പോർട്ട് അപേക്ഷ സ്വീകരിക്കരുതെന്ന് നിർദ്ദേശം നൽകിയതത്രെ. എന്നാൽ, നാസ് വക്കത്തിന്റെ അപേക്ഷ മാനിച്ച് ഈ കേസിൽ അപേക്ഷ സ്വീകരിക്കാൻ അനുമതി ലഭിച്ചു.
ദമാം വി.എഫ്.എസിൽ എംബസി കോൺസുലർ സേവനങ്ങൾക്കായി എത്തിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പ്രദീപ് കുമാറാണ് ഇതിനാവശ്യമായ സഹായം നൽകിയത്. റിയാദ് ഇന്ത്യൻ എംബസിയിൽനിന്നും ആദ്യം ജനന സർട്ടിഫിക്കറ്റ് പുറത്തിറക്കുകയും പിറ്റേ ദിവസം തന്നെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുകയും ചെയ്തു. കുഞ്ഞിന്റെ പാസ്‌പോർട്ട് തിങ്കളാഴ്ച ദമാമിൽ കൈപറ്റിയ ദിവസം തന്നെ സൗദി ജവാസാത്ത് സിസ്റ്റത്തിൽ കുഞ്ഞിന്റെ വിവരങ്ങൾ ചേർക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയപ്പോഴാണ് പുതിയ കടമ്പ. ജവാസാത്ത് സിസ്റ്റത്തിൽ കുഞ്ഞിന്റെ വിവരങ്ങൾ ചേർക്കുന്നതിനും മറ്റുമായി ദമാം തർഹീൽ മേധാവി അബ്ദുൽ അസീസ് അൽ സൈഫിന്റെ സഹായം തേടുകയും അദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് വീണ്ടും ശ്രമങ്ങൾ ആരംഭിച്ചു. ഇൻക്യുബേറ്ററിൽ കഴിയുന്ന ദിവസങ്ങൾ മാത്രം പ്രായമുള്ള ഈ കുഞ്ഞു കണ്ണ് തുറന്നിരിക്കാത്തതിനാൽ ഈ നിലയിലുള്ള ഫോട്ടോ ജവാസാത്ത് സിസറ്റത്തിൽ സ്വീകരിക്കുന്നില്ലായിരുന്നു. ആശുപത്രിയിലെ ചില മലയാളി നഴ്്‌സുമാരുടെ സഹായത്തോടെ കുഞ്ഞിന്റെ കണ്ണ് തുറക്കുന്ന സമയം നോക്കി നിന്ന് മൊബൈലിൽ ചിത്രമെടുത്തു വീണ്ടും ശ്രമിക്കുകയും സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യുകയും എക്‌സിറ്റ് അടിക്കുകയും ചെയ്തു.
തന്റെ ഭാര്യയുടെ മൃതദേഹത്തോടൊപ്പം തന്നെ യാത്ര ചെയ്യണമെന്നു കരുതിയ ഷാനവാസ് അന്നേ ദിവസം തന്നെ രാത്രി ഒൻപതു മണിക്ക് ദമാമിൽ നിന്നും യാത്ര ചെയ്യുന്നതിനായി പറക്കമുറ്റാത്ത തന്റെ രണ്ടു കുഞ്ഞുങ്ങളുമായി ടിക്കറ്റ് എടുത്തു ദമാം എയർപോർട്ടിൽ കാത്തിരിക്കുകയായിരുന്നു. കുഞ്ഞിന്റെ എക്‌സിറ്റ് അടിച്ചു കിട്ടിയത് തന്നെ വൈകിട്ട് അഞ്ചുമണിക്ക്. ഇതിനിടയിൽ നാസ് വക്കത്തിന്റെ കൈവശമുണ്ടായിരുന്ന പാസ്‌പോർട്ട് കാണാതായി. വിശദമായ തിരച്ചിലിനൊടുവിൽ പാസ്‌പോർട്ട് കണ്ടെത്തുകയും ചെയ്തു. ഇതുമായി തന്റെ വാഹനത്തിൽ എയർപോർട്ടിലേക്ക്്് തിരിച്ച നാസ് വക്കത്തിന്റെ വാഹനം ഹൈവയിൽ തകരാറിലായി. ആ വഴി വന്ന പോലീസുകാരുടെ സഹായത്തോടെ വീണ്ടും യാത്ര തുടർന്നു. ഇതിനിടെയാണ് മരണപ്പെട്ട, പർവീൻ സുൽത്താനയുടെ എക്‌സിറ്റ് അടിച്ചിട്ടില്ലെന്ന കാര്യം ഓർമ്മ വന്നത്. പെട്ടെന്ന് തർഹീലിലേക്ക് തിരിച്ചു മയ്യിത്തിന്റെ എക്‌സിറ്റും അടിച്ചു. സാമൂഹ്യ പ്രവർത്തകരായ വെങ്കിടേഷ്, നിസാർ മാന്നാർ എന്നിവരെ ഇതിനകം തർഹീലിൽ വിളിച്ചു വരുത്തി അവരോടൊപ്പം എയർപോർട്ടിൽ എത്തുമ്പോൾ വിമാനം പുറപ്പെടാൻ വെറും 45 മിനുറ്റ് മാത്രം. നേരത്തെ എയർലൈൻസ് അധികൃതരോട് വിവരങ്ങൾ അറിയിച്ചതിനാൽ അവരും കാത്തിരിക്കുകയായിരുന്നു. തന്റെ ഭാര്യയുടെ വിയോഗത്തിൽ മനംനൊന്ത് കലങ്ങിയ കണ്ണും തന്റെ രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി ഷാനവാസ് തന്റെ ഭാര്യാ മാതാവുമായി ദമാമിൽ നിന്നും ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.