ന്യൂദൽഹി- കോവിഡ് വാക്സിനുകൾ പാഴാകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരിഹാരത്തിനുള്ള വഴികളാരാഞ്ഞ് കേന്ദ്ര സർക്കാർ. 23 ലക്ഷത്തിലേറെ ഡോസുകളാണ് ഇന്ത്യയിൽ ഇതുവരെ പാഴായത്. ഏഴു കോടി ഡോസാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തത്. ഇവയിൽ 3.46 കോടി ഡോസുകൾ കുത്തിവച്ചു. പാഴാകൽ നിരക്ക് വർധിച്ചതോടെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് സൂക്ഷ്മത പാലിക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
ആവശ്യമായ പരിശീലനം ലഭിച്ച ജീവനക്കാരില്ലാത്തതും, വേണ്ടത്ര ആസൂത്രണമില്ലാത്തതുമെല്ലാമാണ് കോവിഡ് വാക്സിൻ ഡോസുകൾ പാഴാകുന്നതിന് കാരണം. തെലങ്കാനയിലാണ് ഏറ്റവും കൂടുതൽ വാക്സിൻ ഡോസുകൾ പാഴാകുന്നത്. 17.6 ശതമാനമാണ് ഇവിടുത്തെ നിരക്ക്. തൊട്ടു പിന്നാലെ ആന്ധ്രയുമുണ്ട്. 11.6 ശതമാനം. ഉത്തർപ്രദേശിൽ 9.4 ശതമാനം വാക്സിൻ ഡോസുകൾ പാഴാകുന്നു. കർണാടകത്തിൽ 6.9 ശതമാനം വാക്സിൻ ഡോസുകളാണ് പാഴാകുന്നത്. ജമ്മു കാശ്മീരിൽ 6.6 ശതമാനം വാക്സിൻ ഡോസുകൾ പാഴായിപ്പോകുന്നു. വാക്സിൻ പാഴാകുന്നതിന്റെ ദേശീയ ശരാശരി 6.5 ശതമാനമാണ്.
വാക്സിൻ ഡോസ് കൃത്യമായി എടുക്കാൻ കഴിവുള്ള ജീവനക്കാരുടെ അഭാവമാണ് പാഴാകലിന്റെ കാരണങ്ങളിലൊന്ന്. ഒരു വാക്സിൻ വയലിൽ 10 ഡോസ് ഉണ്ടെങ്കിൽ പലപ്പോഴും അത്രയും എടുക്കാനുള്ള വൈദഗ്ധ്യം ആരോഗ്യപ്രവർത്തകർക്ക് ഉണ്ടാകണമെന്നില്ല. ഇതിനുള്ള പരിശീലനം വ്യാപകമായി നൽകപ്പെട്ടിട്ടുമില്ല. അതെസമയം 10 ഡോസിന്റെ ഒരു വയലിൽ നിന്ന് 11 ഡോസ് വരെ എടുക്കുന്ന അതിവിദഗ്ധർ ചില വാക്സിനേഷൻ കേന്ദ്രങ്ങളിലുണ്ട്. ആവശ്യമായ പരിശീലനം നൽകുകയെന്നത് വാക്സിൻ പാഴാകുന്നത് തടയാനുള്ള പ്രധാന മാർഗമാണ്.
വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്ലാനിങ്ങില്ലായ്മയാണ് മറ്റൊരു കാരണം. 10 ഡോസുള്ള ഒരു വയൽ തുറക്കുമ്പോൾ വാക്സിനെടുക്കാൻ അത്രയും ആളുകൾ സ്ഥലത്തുണ്ടാകണമെന്നില്ല. ബാക്കി വരുന്ന ഡോസുകൾ സ്വാഭാവികമായും പാഴാകുന്നു. ഇതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. തുറക്കുന്ന വയലുകൾക്ക് ആനുപാതികമായ അളവിൽ ആളുകളെ വാക്സിനേഷൻ കേന്ദ്രത്തിലേക്ക് എത്തിച്ചിരിക്കണം.
ഓരോ വാക്സിൻ വയലുകൾക്കും ആവശ്യമായ അളവിൽ ആളെത്തിയില്ലെങ്കിൽ അരമണിക്കൂറോ ഒരു മണിക്കൂറോ കാത്തു നിൽക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു. അതെസമയം, വന്നയാളുകളെ തിരിച്ചയയ്ക്കാൻ പറ്റില്ലെന്ന് തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ തിരിച്ചയച്ചാൽ അത് വാക്സിനേഷനോടുള്ള വിമുഖത വളർത്താൻ കാരണമാകും. രാജ്യത്ത് വാക്സിനേഷൻ ശരാശരിയിൽ ക്രമേണയായ മികവ് വരുന്നുണ്ട്. ജനുവരിയിൽ വാക്സിനേഷൻ തുടങ്ങുമ്പോൾ 19 ശതമാനത്തോളമായിരുന്നു പാഴാകുന്നതിന്റെ നിരക്ക്.