പനജി- ഗോവയിലെ ആദ്യത്തെ സെക്സ് ടോയ്സ് ഷോപ്പ് പഞ്ചായത്ത് ഇടപെട്ട് അടപ്പിച്ചു. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ വാലന്റൈൻ ദിനത്തിലാണ് ഈ ഷോപ്പ് ഉദ്ഘാടനം ചെയ്തത്. കാമ ഗിസ്മോസ് എന്നു പേരുള്ള ഈ ഷോപ്പ് ഗോവയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കലാൻഗൂട്ടിലാണ് പ്രവർത്തിച്ചിരുന്നത്.
പ്രദേശവാസികളിൽ നിന്ന് തനിക്ക് വാക്കാലുള്ള പരാതികൾ ധാരാളം ലഭിച്ചിരുന്നെന്നും 'ഇത്തരം പരിപാടികൾ' സ്ഥലത്ത് നടപ്പില്ലെന്നും പഞ്ചായത്ത് പ്രസിഡണ്ട് ദിനേഷ് സിമെപുരുസ്കാർ പറഞ്ഞു. "അവർ ലൈംഗികതയുമായി ബന്ധപ്പെട്ട വസ്തുക്കളാണ് വിറ്റിരുന്നത്. സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും ഞങ്ങൾക്ക് പരാതി ലഭിച്ചിരുന്നു. ഇതിനെക്കുറിച്ച് ആളുകൾ സോഷ്യൽ മീഡിയയിലും പ്രചാരണം നടത്തിയിരുന്നു. ഷോപ്പ് നിൽക്കുന്നത് ഒരു സാധാരണ ഗല്ലിയിലാണ്. അവിടെയുള്ളവർ ഇതൊന്നും മുമ്പ് കണ്ടിട്ടില്ല. ഇത്തരം പരിപാടികൾ ഞങ്ങൾ അനുവദിക്കില്ല," പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.
അതെസമയം തങ്ങൾ ഷോപ്പിൽ നഗ്നത പ്രദർശിപ്പിക്കുകയോ മറ്റോ ചെയ്തിട്ടില്ലെന്ന് ഷോപ്പുടമയായ ഗണേശൻ പറയുന്നു. ചിലയാളുകൾക്കുള്ള അനിഷ്ടം മാത്രമാണ് ഷോപ്പ് പൂട്ടാനുണ്ടായ കാരണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ സെക്സ് ടോയ്സ് വിൽപന ശൃംഖലകളിലൊന്നാണ് കാമകാർട്ട്. ഇവരാണ് ഗോവയിലെ ആദ്യത്തെ സെക്സ് ടോയ്സ് ഷോപ്പ് തുടങ്ങിയത്. ചെന്നൈ, ബെംഗളൂരു, കൊളംബോ, കാഠ്മണ്ഡു, കൊച്ചി എന്നിവിടങ്ങളിൽ ഇവർക്ക് ഷോപ്പുണ്ട്.