കൊൽക്കത്ത - തന്റെ പേര് ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അന്തരിച്ച കോൺഗ്രസ് നേതാവിന്റെ ഭാര്യ രംഗത്ത്. പശ്ചിമബംഗാളിൽ ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാർത്ഥി പട്ടികയിലാണ് കോൺഗ്രസ് നേതാവായിരുന്ന സോമൻ മിത്രയുടെ ഭാര്യ ശിഖ മിത്ര ഉൾപ്പെട്ടിരിക്കുന്നത്. ഇത് തന്റെ സമ്മതം വാങ്ങാതെയാണെന്ന് അവർ ആരോപിച്ചു. കൊൽക്കത്തയിലെ ചൊറിഘീ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായാണ് ശിഖ മിത്രയെ ഉൾപ്പെടുത്തിയിരിക്കുന്നത്. താൻ മത്സരിക്കില്ലെന്ന് മാത്രമല്ല, ബിജെപിയിൽ ചേരാനും പോകുന്നില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐയോട് ശിഖ പറഞ്ഞു. തന്റെ സമ്മതമില്ലാതെയാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ ബിജെപി നേതാവ് സുവേന്ദു അധികാരി ഇവരെ പോയിക്കണ്ടിരുന്നു. ഇതിനു ശേഷം ഇവരുടെ ബിജെപിയിലേക്കുള്ള പ്രവേശനം നടക്കുമെന്ന് അഭ്യൂഹം പടർന്നു. പശ്ചിമബംഗാളിലെ ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇതിനകം തന്നെ വ്യാപകമായി പരിഹസിക്കപ്പെട്ടിട്ടുണ്ട്. മുൻ തൃണമൂൽ നേതാക്കളെ തിരഞ്ഞുപിടിച്ച് സ്ഥാനാർത്ഥികളാക്കുകയാണ് ബിജെപിയെന്നാണ് ആരോപണം. ഏഴ് തൃണമൂൽ എംഎൽഎമാരുടെ പേരുമായാണ് വ്യാഴാഴ്ച ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറങ്ങിയത്.
കേരളത്തിൽ സമാനമായ സംഭവമുണ്ടായത് ദേശീയതലത്തിൽ തന്നെ ബിജെപിക്ക് നാണക്കേടുണ്ടാക്കിയിരുന്നു. മാനന്തവാടി സീറ്റിൽ 31കാരനായ പണിയ യുവാവിനെ ബിജെപി സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും അദ്ദേഹം അതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.