ഏദന്‍- ഹൂത്തി മിലീഷ്യകള്‍ ആക്രമണത്തിന് തയാറാക്കിയ, സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് സഖ്യസേന തകര്‍ത്തു. പശ്ചിമ യെമനിലെ അല്‍ഹുദൈദയില്‍ അല്‍സലീഫിനു സമീപമാണ് ഹൂത്തികളുടെ ബോട്ട് ബോംബ് സഖ്യസേന തകര്‍ത്തത്.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കണ്‍ട്രോള്‍ ബോട്ട് വ്യോമാക്രമണത്തിലൂടെ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സഖ്യസേന പുറത്തുവിട്ടു. സമുദ്ര ഗതാഗതത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂത്തികള്‍ തുടരുകയാണ്. സ്റ്റോക്ക്‌ഹോം വെടിനിര്‍ത്തല്‍ കരാര്‍ മറയാക്കിയാണ് അല്‍ഹുദൈദ കേന്ദ്രീകരിച്ച് ഹൂത്തികള്‍ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്ന് സഖ്യസേന പറഞ്ഞു.
യെമനിലെ അംറാനില്‍ നിന്ന് സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്താനുള്ള ശ്രമം അവസാന നിമിഷം സഖ്യസേന പരാജയപ്പെടുത്തി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനവും ഇവ അയക്കാന്‍ ശ്രമിച്ച ഭീകരരെയും ഉന്മൂലനം ചെയ്തതായി സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു.