Sorry, you need to enable JavaScript to visit this website.

വാളയാർ അമ്മയുടെ മത്സരം; സമര സമിതിയിൽ അഭിപ്രായവ്യത്യാസം

  • ബാലമുരളി സി.പി.എം ചാരനെന്ന് മറുപക്ഷം

പാലക്കാട് - വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കുട്ടികളുടെ അമ്മ ധർമ്മടത്ത് മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് സമരസമിതിയിൽ അഭിപ്രായവ്യത്യാസം രൂക്ഷമായി. ശക്തമായ വിമർശനവുമായി സമരസമിതി ജോയിന്റ് കൺവീനർ എം.ബാലമുരളി രംഗത്തെത്തി. ചില യു.ഡി.എഫ് നേതാക്കൾ അമ്മയെ ഹൈജാക്ക് ചെയ്യുകയാണ് എന്നും മൽസരരംഗത്ത് ഉറച്ചു നിൽക്കാൻ അവർ തയ്യാറായാൽ ചില കാര്യങ്ങൾ തുറന്നു പറയേണ്ടി വരുമെന്നും ബാലമുരളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം ബാലമുരളിക്കെതിരേ വാളയാർ നീതിസമരസമിതി നേതാക്കളായ സി.ആർ.നീലകണ്ഠൻ, വിളയോടി വേണുഗോപാൽ, വി.എം.മാർസൻ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. സമരസമിതിയിലെ സി.പി.എം ചാരനാണ് ബാലമുരളി എന്ന് അവർ ആരോപിച്ചു.
നീതിക്കായി തല മൊട്ടയടിച്ച് സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരേ മൽസരിക്കുന്നതിന് കുട്ടികളുടെ അമ്മ ഒരുങ്ങുന്നതിനിടയിലാണ് സമരസമിതിയിലെ അഭിപ്രായവ്യത്യാസം പുറത്തു വന്നിരിക്കുന്നത്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ച പോലീസുദ്യോഗസ്ഥർക്കെതിരേ അമ്മ നടത്തുന്ന പോരാട്ടത്തിന് തന്റെ പിന്തുണയുണ്ടെന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചിലരുടെ താൽപര്യത്തിന് വേണ്ടി ഉപയോഗിക്കുന്നതിനോടാണ് എതിർപ്പ് എന്നുമാണ് ബാലമുരളി പറയുന്നത്. മുൻകൂട്ടി പ്രഖ്യാപിച്ച കേരളയാത്ര തൃശൂരിൽ അവസാനിപ്പിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറയുന്നു. 


തുടക്കം തൊട്ട് സമരമുഖത്ത് ഉണ്ടായിരുന്ന നേതാക്കളിലൊരാളാണ് ബാലമുരളി. നേരത്തേ സജീവ സി.പി.എം പ്രവർത്തകനായിരുന്ന അദ്ദേഹം പിന്നീട് എം.ആർ.മുരളിയുടെ നേതൃത്വത്തിലുള്ള ജനകീയ വികസനസമിതിയുടെ ഭാഗമായിരുന്നു. 
സി.പി.എം വിമതനായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടുണ്ട്. എം.ആർ.മുരളി സി.പി.എമ്മിലേക്ക് മടങ്ങിയതിനു ശേഷവും വിമതനായി തുടരുകയായിരുന്നു അദ്ദേഹം. 
'കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക് ശരിയല്ല. മുൻകൂട്ടി നിശ്ചയിച്ച കേരള പര്യടനം തൃശൂരിൽ വെച്ച് അവസാനിപ്പിക്കരുതായിരുന്നു. അതിനിടയിലാണ് ധർമ്മടത്ത് മൽസരിക്കുമെന്ന് പ്രഖ്യാപിക്കുന്നത്. 
ജോയിന്റ് കൺവീനർ എന്ന രീതിയിൽ ഇതൊന്നും അംഗീകരിക്കാനാവില്ല. അവരെ മലമ്പുഴയിൽ മൽസരിപ്പിക്കാൻ ഒരുഘട്ടത്തിൽ ആലോചിച്ചിരുന്നു. വേണ്ടെന്നാണ് കൂട്ടായി തീരുമാനിച്ചത്. ചില വ്യക്തികളുടെ സാമ്പത്തിക താൽപര്യങ്ങളനുസരിച്ചാണ് ഇപ്പോൾ അമ്മ നീങ്ങുന്നത്. 
ഏതാനും യു.ഡി.എഫ് നേതാക്കളാണ് പിന്നിൽ. മൽസരരംഗത്ത് നിന്ന് അവർ പിന്മാറണം. അല്ലെങ്കിൽ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ തുറന്നുപറയേണ്ടി വരും' - ബാലമുരളി പറഞ്ഞു. 


ബാലമുരളിയുടെ പ്രസ്താവന ഒരു സി.പി.എം ചാരന്റേതാണ് എന്ന് വാളയാർ നീതി സമരസമിതി പത്രക്കുറിപ്പിലൂടെ തിരിച്ചടിച്ചു. സമീപകാലത്ത് ഒരു സമരപരിപാടിയിലും പങ്കെടുക്കാത്ത ആളാണ് അദ്ദേഹമെന്നും നിലവിൽ ഒരു ഭാരവാഹിത്വവുമില്ലെന്നും സമിതി നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും വേണ്ടി വാളയാർ സമരത്തെ തകർക്കാനാണ് ബാലമുരളി ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. 

Latest News