ന്യൂദല്‍ഹി-ആധാറുമായി ബാധിപ്പിക്കാത്ത റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയത് ഗൗരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി. മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയതിനെ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
ജാര്‍ഖണ്ഡില്‍ നിന്നുളള ആദിവാസി യുവതി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് തന്റെ പതിനൊന്ന് വയസുള്ള മകള്‍ പട്ടിണി കിടന്ന് മരിച്ചതായി യുവതി ഹര്‍ജിയില്‍ പറയുന്നു. റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കുന്നതിനെ തുടര്‍ന്ന് പട്ടിണി മരണങ്ങള്‍ വ്യാപകമാകുന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ചൂണ്ടിക്കാട്ടി.
റേഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പട്ടിണി മരണം ഉണ്ടാകുന്നു എന്ന വാദം തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാരിനും യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ)യ്ക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലുള്ള ഹര്‍ജി പരിഗണിക്കരുതെന്നും ലേഖി ആവശ്യപ്പെട്ടു.
എന്നാല്‍ ഹര്‍ജിയില്‍ വിശദമായ മറുപടി നാല് ആഴ്ചയ്ക്കകം നല്‍കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോടും യുഐഡിഎഐയോടും ആവശ്യപ്പെട്ടു. ഇത് പ്രതികാര മനോഭാവത്തോടെ കാണേണ്ട വിഷയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.