ന്യൂദല്‍ഹി- ജനതാദള്‍ യുനൈറ്റഡ്എം.പിമാരായ ശരദ് യാദവിനേയും അലി അന്‍വറിനേയും രാജ്യസഭയില്‍നിന്ന് അയോഗ്യരാക്കി. ഇവരുടെ അംഗത്വം റദ്ദാക്കിയതായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ എം. വെങ്കയ്യ നായിഡുവാണ് അറിയിച്ചത്. പാര്‍ട്ടി നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രതിപക്ഷ പാര്‍ട്ടി പരിപാടികളില്‍ സംബന്ധിച്ച ഇരുവരും സ്വമേധയാ അംഗംത്വം ഒഴിഞ്ഞിരിക്കയാണെന്ന യുനൈറ്റഡ് ജനതാദള്‍ ഔദ്യോഗിക വിഭാഗത്തിന്റെ വാദം അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച റാലിയില്‍ പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് ശരദ് യാദവും അന്‍വര്‍ അലിയും പങ്കെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അയോഗ്യരാക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നത്.
ജെ.ഡി.യു പ്രസിഡന്റും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മഹാസഖ്യം ഉപേക്ഷിച്ച് ബി.ജെ.പിയുമായി ചേര്‍ന്നതോടെയാണ് ശരദ് യാദവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ശരദ് യാദവിന് 2022 വരെ കാലാവധിയുണ്ടായിരുന്നു. അലി അന്‍വറിന്റ രാജ്യസഭാ കാലാവധി അടുത്ത വര്‍ഷമാണ് അവസാനിക്കേണ്ടത്. ജെ.ഡി.യു പ്രസിഡന്റായിരുന്ന ശരദ് യാദവ് ഇപ്പോള്‍ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.