ഹൈദരാബാദ്- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ ഹൈദരാബാദ് സന്ദര്‍ശനത്തിന് മുന്നോടിയായി നഗരത്തിലെ തെരുവോരങ്ങളില്‍നിന്ന് അധികൃതര്‍ ആട്ടിപ്പായിക്കുകയും മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്ത നൂറു കണക്കിന് യാചകര്‍ വീണ്ടും തിരിച്ചെത്തി തങ്ങളുടെ ജോലിയില്‍ സജീവമായി. ഏറെ പാടുപെട്ടാണ് തെലങ്കാന സര്‍ക്കാര്‍ പൊതുസ്ഥലങ്ങളിലെ യാചകരെ മാറ്റിയത്. എന്നാല്‍ ആഴ്ചകള്‍ക്കും ശേഷം കാര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലായത് അധികൃതരെ വെട്ടിലാക്കിയിരിക്കുകയാണ്. യാചന കുറ്റകൃത്യമാണെന്നും യാചകര്‍ക്ക് നഗരത്തില്‍ വിലക്കുണ്ടെന്നും പോലീസ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
നവംബര്‍ 28, 29 ദിവസങ്ങളിലാണ് ഇവാന്‍ക ഹൈദരബാദ് സന്ദര്‍ശനത്തിനെത്തിയത്. ഇതിനു മുന്നോടിയായാണ് യാചകരെയെല്ലാം നീക്കം ചെയ്തത്. നൂറുകണക്കിന് യാചകരെ പിടികൂടി സര്‍ക്കാരിന്റെ തന്നെ സംരക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു. ഒരാഴ്ച പിന്നിട്ടതോടെ ഈ സംരക്ഷണ കേന്ദ്രങ്ങള്‍ മിക്കതും ഏതാണ്ട് കാലിയായി. പലരും യാചകവൃത്തിയിലേക്കു തന്നെ തിരികെ പോയി.
ചെര്‍ളപള്ളി സംരക്ഷണ കേന്ദ്രത്തില്‍ ഇനി 10 യാചക സ്ത്രീകള്‍ മാത്രമെ ബാക്കിയുള്ളൂ. ചഞ്ചല്‍ഗുഡയില്‍ 30 യാചകരുമുണ്ട്. ബാക്കിയെല്ലാവരും വളരെ വേഗം തിരിച്ചു പോയതായി ചെര്‍ളപള്ളി ഓപണ്‍ ജയില്‍ മേധാവി കെ അര്‍ജുന്‍ റാവു പറയുന്നു.