ചണ്ഡീഗഢ്- കണ്ണില്‍നിന്ന് രക്തമൊഴുകിയ യുവതിക്ക് ആര്‍ത്തവമാണെന്ന് അവസാനം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ചണ്ഡീഗഢ് ആശുപത്രിയിലെ എമര്‍ജന്‍സിയിലെത്തിയ 25 കാരിക്കാണ് കണ്ണുനീരിനു പകരം രക്തമൊഴുക്കി കരയുന്നതു സംബന്ധിച്ച് ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കിയത്.
വിവാഹിതയായ സ്ത്രീക്ക് വേദനയോ അസ്വസ്ഥതയോ ഇല്ലായിരുന്നു. എന്നാല്‍ ഒരു മാസം മുമ്പും കൃത്യമായി ഇതുപോലെ സംഭവിച്ചിരുന്നുവെന്ന് അവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു.
നേത്ര, റേഡിയോളജിക്കല്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ എല്ലാം സാധാരണ നിലയിലായിരുന്നു.
ശരീരത്തില്‍ മറ്റ് സ്ഥലങ്ങളില്‍ രക്തസ്രാവം കണ്ടെത്താന്‍ കഴിഞ്ഞുമില്ല. കുടുംബത്തിലാര്‍ക്കും ഇങ്ങനെയൊരു അവസ്ഥയുടെ ചരിത്രവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് കൂടുതല്‍ പരിശോധനയിലും അന്വേഷണത്തിലുമാണ്
സ്ത്രീയുടെ ആര്‍ത്തവചക്രത്തിനിടയിലാണ് രക്ത കണ്ണുനീര്‍ സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്ക് ബോധ്യപ്പെട്ടത്. യുവതിക്ക് ഒക്കുലാര്‍ വികാരിയസ് ആര്‍ത്തവമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ആര്‍ത്തവ സമയത്ത് മറ്റ് അവയവങ്ങളിലൂടെ രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണിത്. ഇങ്ങനെയുള്ളവര്‍ക്ക് കൂടുതലായും മൂക്കിലൂടെയാണ് രക്തം വരാറുള്ളത്.
ഹീമോക്ലാരിയ എന്നാണ് പൊതുവെ രക്തക്കണ്ണീരിനെ മെഡിക്കല്‍ സയന്‍സ് വിശേഷിപ്പിക്കുന്നത്. മെലനോമ, ട്യൂമര്‍ തുടങ്ങിയ രോഗാവസ്ഥകളില്‍ ഇങ്ങനെ സംഭവിക്കാം. പ്രത്യേക തരത്തില്‍ കണ്ണിനു മുറിവേറ്റാലും സംഭവിക്കാം. ഈ കേസില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടാണ് കണ്ണില്‍നിന്ന് രക്തമൊഴുകിയത്.