ന്യൂദല്‍ഹി- സൗദി അറേബ്യയിൽ മറവു ചെയ്ത ഹൈന്ദവ വിശ്വാസിയായ പ്രവാസിയുടെ മൃതദേഹം പുറത്തെടുത്ത് ഇന്ത്യയിലെത്തിക്കുന്നതിന് ദല്‍ഹിയിലെ സൗദി എംബസിയുമായി ബന്ധപ്പെട്ട് ശ്രമം ഊർജിതമാക്കാന്‍കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനോട് ദല്‍ഹി ഹൈക്കോടതി നിർദേശിച്ചു.
സൗദി എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കാനാണ് നിർദേശം. മൃതദേഹം പുറത്തെടുത്ത് നാട്ടിലെത്തിക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് അറിയിക്കാന്‍ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനോടും കോടതി ആരാഞ്ഞു.
ഇത് കോടതിയിൽ നിന്നുള്ള അഭ്യർത്ഥനയാണെന്നും കേസിന്‍റെ വൈകാരിത കണക്കിലെടുക്കണമെന്നും സൗദി അധികൃതരെ അറിയിച്ചാല്‍ അവർക്ക് കാര്യം ബോധ്യപ്പെടുമെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി പ്രതിഭ എം സിംഗ് പറഞ്ഞു
സൗദിയില്‍ മറവു ചെയ്ത ഭർത്താവിന്‍റെ മൃതദേഹം പുറത്തെടുത്ത് ഇന്ത്യയിലേക്ക് തിരികെ എത്തിക്കണമെന്ന ആവശ്യവുമായി മരിച്ചയാളുടെ ഭാര്യ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് പാസ്‌പോർട്ട്, വിസ ഡിവിഷനിലെ കോണ്‍സുലേറ്റ് ഡയറക്ടറാണ് ഹാജരായത്.
മൃതദേഹം എപ്പോള്‍ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാന്‍ കഴിയുമെന്ന് പറയാന്‍ കഴിയില്ലെന്നാണ് വിദേശ മന്ത്രാലയം ബോധിപ്പിച്ചത്. തുടർ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. സങ്കടകരമായ കാര്യമാണെങ്കിലും കുടുംബത്തിന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും ശ്രമം തുടരുമെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
സൗദി അറേബ്യയിൽ നിലവിലുള്ള പ്രോട്ടോക്കോൾ അനുസരിച്ച് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് എൻഒസി വാങ്ങാതെ ഇന്ത്യക്കാരന്റെ മൃതദേഹം മറവു ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ല. കോവിഡ് -19 കാരണമായിരിക്കാം ഇത് സംഭവിച്ചതെന്നും മൃതദേഹം അമുസ്ലിം ശ്മശാനത്തില്‍ തന്നെയാണ് അടക്കം ചെയ്തിരിക്കുന്നതെന്നും ബോധിപ്പിച്ചു.
മരിച്ചയയാളുടെ തൊഴിലുടമ അയച്ച 4,68,000 രൂപയുടെ നഷ്ടപരിഹാര ചെക്ക് കുടുംബത്തിന് ഹിമാചൽ പ്രദേശിലെ ഉന ജില്ലാ കലക്ടറിൽ നിന്ന് ശേഖരിക്കാമെന്നും കോടതി രേഖപ്പെടുത്തി.
ചെക്കിന്റെ വിശദാംശങ്ങളും അയച്ച വിവരങ്ങളും ഇന്ത്യൻ കോൺസുലേറ്റ് കുടുംബത്തെ അറിയിക്കണം. എന്തെങ്കിലും കാലതാമസമുണ്ടെങ്കിൽ കുടുംബത്തിന് കോടതിയിൽ ഹാജരായ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥനുമായി ബന്ധപ്പെടാമെന്നും കോടതി വ്യക്തമാക്കി.
തൊഴിലുടമയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് ഹരജിക്കാരിയെ സഹായിക്കാനും കോൺസുലേറ്റിനോട് ആവശ്യപ്പെട്ടു. കേസ് 24 ന് വീണ്ടും പരിഗണിക്കും.
പരിഭാഷയില്‍വന്ന അബദ്ധം കാരണം മരിച്ചയാളുടെ മതം മരണ സർട്ടിഫിക്കറ്റിൽ തെറ്റായി രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനും മുസ്ലിമെന്ന നിലയില്‍ മറവു ചെയ്യാനും കാരണമെന്ന് ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് ഭർത്താവിന്റെ മൃതദേഹം പുറത്തെടുത്ത് നാട്ടിലെത്തിക്കുന്നതിന് സൗദി അധികൃതരുമായി ബന്ധപ്പെടാന്‍ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരോട് ആവശ്യപ്പെട്ടു.
ഏഴു ആഴ്ചകൾ പിന്നിട്ടിട്ടും, അവസാന ചടങ്ങുകൾക്കായി മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിച്ചത്.