ന്യൂദല്‍ഹി- ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് റോഡ് അപകടങ്ങളിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കഴിഞ്ഞ വർഷം ലോകത്ത് പുതുതായി പടർന്നുപിടിച്ച, ചികിത്സയോ മരുന്നോ പോലുമില്ലാതിരുന്ന കോവിഡ് മാഹാമാരി മൂലം മരിച്ചവരുടെ എണ്ണം ഇതിലും കുറവാണ്. റോഡപകടങ്ങളില്‍ 1.5 ലക്ഷം പേരാണ് മരിച്ചത്. കോവിഡ് മൂലം മരിച്ചത് 1.46 ലക്ഷം പേരും. ഈ കണക്കുകളില്‍ സര്‍ക്കാരിന് വലിയ ആശങ്കയുണ്ടെന്നും അപകടങ്ങള്‍ കുറയ്ക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും ലോക്‌സഭയില്‍ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. വാഹനപകടങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും 18നും 35നും ഇടയില്‍ പ്രായമുള്ളവരാണെന്നും മന്ത്രി അറിയിച്ചു.
ലോക ബാങ്കിന്റെ റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ സംഭവിക്കുന്നത്. വര്‍ഷം തോറും ഇന്ത്യയില്‍ ഒന്നര ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും നാലര ലക്ഷത്തോളം പേര്‍ക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്യുന്നു. ഇതു മൂലം സമ്പദ്ഘടനയ്ക്കുണ്ടാകുന്ന ജിഡിപിയുടെ 3.14 ശതമാനം വരുമെന്നും ലോക ബാങ്ക് കണക്കുകള്‍ പറയുന്നു.