ന്യൂദൽഹി- നിരത്തിലിറക്കിയ വാഹനങ്ങളുടെ നിർമാണപ്പിഴവുകളെ കുറിച്ച് വൻതോതിൽ പരാതി ലഭിക്കുകയും സർക്കാരിനു തന്നെ ഈ വാഹനങ്ങളെ നിർബന്ധിത തിരിച്ചുവിളിക്കലിനു ഉത്തരവിടുകയും ചെയ്യേണ്ടി വന്നാൽ വാഹന നിർമാതാക്കളിൽ നിന്ന് ഒരു കോടി രൂപ വരെ പിഴ ഈടാക്കുന്ന പുതിയ നയം നിലവിൽ വന്നു. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തിയത്. വാഹനങ്ങൾക്ക് തകരാറുണ്ടെന്ന പരാതികൾ ഒരളവിൽ കൂടിയാലാണ് തിരിച്ചുവിളിക്കലിന് ഉത്തരവിടുക. ഉപഭോക്താക്കൾക്ക് പരാതികൾ നൽകാൻ സർക്കാരിന്റെ ഓൺലൈൻ സംവിധാനങ്ങൾ നിലവിലുണ്ട്. വാഹനങ്ങളുടെ തരം, എത്ര വാഹനങ്ങളിന്മേൽ പരാതി വന്നിട്ടുണ്ട് തുടങ്ങിയവയെ ആസ്പദമാക്കിയാണ് പിഴത്തുക നിശ്ചയിക്കുക.
വാഹനങ്ങൾക്ക് പ്രശ്നമുണ്ടെന്ന് ശ്രദ്ധയിൽപെട്ടാൽ വാഹന നിർമാതാക്കൾ സ്വയം തിരിച്ചുവിളി നടത്തേണ്ടതുണ്ട്. എന്നാൽ പല വാഹനനിർമാതാക്കളും ഇത് ചെയ്യാറില്ല. തിരിച്ചുവിളികൾ പലപ്പോഴും വൈകാറുമുണ്ട്. ഇതിനിടയിൽ പ്രസ്തുത തകരാർ മൂലം പല അപകടങ്ങളും സംഭവിച്ചെന്നുമിരിക്കാം. ഈ സ്ഥിതിക്ക് മാറ്റം വരുത്താനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. നിലവിൽ തിരിച്ചുവിളി നടത്തുകയെന്നത് ധാർമികാടിസ്ഥാനത്തിലുള്ള ഒരു പ്രവൃത്തി പോലെയാണ് കണക്കാക്കപ്പെടുന്നത്. പിഴയീടാക്കലും മറ്റും നിലവിലില്ല. തിരിച്ചുവിളിയെ കൂടുതൽ വ്യവസ്ഥാപിതമാക്കുകയാണ് സർക്കാർ പുതിയ നീക്കത്തിലൂടെ.
ഏഴു വർഷത്തിൽ താഴെ കാലമായി നിരത്തുകളിലുള്ള വാഹനങ്ങൾക്കെല്ലാം ഈ പുതിയ ചട്ടം ബാധകമാകും. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന, വാഹനത്തിന്റെ ഏതൊരു തകരാറും തിരിച്ചുവിളിക്കുള്ള കാരണമായി ഗതാഗതമന്ത്രാലയം നിർവചിക്കുന്നു.