ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തില്‍ കള്ളന്‍ കയറി

ഭോപാല്‍- ബി.ജെ.പി എം.പിയും ഗ്വാളിയര്‍ രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരം കള്ളന്മാര്‍ കൊള്ളയടിച്ചു. സംഭവം നടന്നിട്ട് രണ്ടു ദിവസമായി. ജയ് വിലാസ് കൊട്ടാരത്തിലെ റാണി മഹലിന്റെ ഭാഗത്താണ് മോഷണം ഉണ്ടായത്. പോലീസും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പോലീസ് നായകളെയും സ്ഥലത്തു വിന്യസിച്ചിരുന്നു.

അതേസമയം, എന്തൊക്കെയാണ് മോഷണം പോയതെന്നോ എത്ര മോഷ്ടാക്കള്‍ അകത്തുകയറിയെന്നോ പോലീസിനു ഇതുവരെ വ്യക്തമായിട്ടില്ല. മുറിയിലെ വെന്റിലേറ്റര്‍ ഷാഫ്റ്റിലൂടെയാണ് മോഷ്ടാക്കള്‍ അകത്തു കയറിയതെന്ന് ഗ്വാളിയര്‍ എസ്.പി രത്‌നേഷ് തോമര്‍ അറിയിച്ചു. നേരത്തേ ബാങ്ക് ആയി പ്രവര്‍ത്തിച്ചിരുന്ന മുറിയിലാണ് കള്ളന്മാര്‍ കയറിയത്. ഇവിടുത്തെ സാമഗ്രികളെല്ലാം നശിപ്പിക്കപ്പെട്ട സ്ഥിതിയിലാണ്.

ജീവനക്കാരെ ചോദ്യം ചെയ്യുന്നുണ്ട്. ഇതുവരെ തുമ്പൊന്നും കിട്ടിയില്ല. ഗ്വാളിയര്‍ മഹാരാജാവായിരുന്ന ജയാജിറാവു സിന്ധ്യ 1874ല്‍ പണി കഴിപ്പിച്ച കൊട്ടാരമാണിത്. ഇപ്പോള്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ കൈവശമാണിത്.

 

Latest News