Sorry, you need to enable JavaScript to visit this website.

സങ്കടക്കടലില്‍ ആശ്വാസ വാക്കുകളുമായി കേന്ദ്രമന്ത്രി നിര്‍മല

തിരുവനന്തപുരം- 'നിങ്ങളുടെ വള്ളം നഷ്ടപ്പെട്ടു, വല നഷ്ടപ്പെട്ടു. അതിനെല്ലാം പരിഹാരം ഉണ്ടാക്കാം. പക്ഷേ നമുക്ക് ഇപ്പോള്‍ വേണ്ടത്  കാണാതായ അവസാനത്തെ ആളെയും കരയ്ക്ക് എത്തിക്കുക എന്നതാണ്. ഞാന്‍ ഒരു അമ്മയാണ്. ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വേദന എനിക്ക് മനസ്സിലാകും.  കോസ്റ്റ് ഗാര്‍ഡെന്നോ, നാവിക സേനയെന്നോ, മത്സ്യത്തൊഴിലാളികള്‍ എന്നോ വേര്‍തിരിവില്ലാതെ നമുക്ക് രംഗത്തിറങ്ങാം. അവരുടെ ജീവനു വേണ്ടി. വേദനിക്കരുത്  ഞാനുണ്ട് കൂടെ... 'കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്റെ  തമിഴില്‍ പറഞ്ഞ വാക്കുകള്‍ അലമുറയിട്ട  സ്ത്രീകള്‍ക്ക് ആശ്വാസമായി.
മകനെയോര്‍ത്ത് വിലപിക്കുന്ന അമ്മ, ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യ,  പിതാവിനെ കാത്തിരിക്കുന്ന മക്കള്‍. ദുഃഖം അണപൊട്ടിയൊഴുകുന്ന ഇവരുടെ നടുവിലേക്കാണ് നിര്‍മ്മല സീതാരാമന്‍ സാന്ത്വനവുമായി എത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ ജനം കേന്ദ്ര മന്ത്രിയേയും തടയുമെന്ന് കരുതിയിരുന്നു. എന്നാല്‍ നിര്‍മ്മല സീതാരാമന്‍ ജനങ്ങളുടെ മനസ്സ് വായിച്ച് അവരെ സമാധാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഒരു പരിധി വരെ വിജയിക്കുകയായിരുന്നു.
വിഴിഞ്ഞം സിന്ധുമാതാ ദേവാലയത്തില്‍ അഞ്ചു ദിവസമായി കണ്ണുനീര്‍ക്കടലാണ്. വിഴിഞ്ഞത്തു മാത്രം ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കാണാതായ നൂറോളം പേരെക്കുറിച്ച് ഇനിയും വിവരമില്ല. ഉറ്റവരെ കാത്ത് കഴിഞ്ഞ 30 ന് രാത്രി ദേവാലയത്തിനു മുന്നില്‍ എത്തിയതാണ് ഇവര്‍. കുടിലുകളില്‍ തിരികെ പോകാതെ കടലിനെ നോക്കി കണ്ണീര്‍ വാര്‍ത്ത് കഴിയുകയാണ് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും.
ചുഴലിക്കൊടുങ്കാറ്റില്‍ നാശം വിതച്ച കന്യാകുമാരിയില തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്ര മന്ത്രി രാവിലെ വിഴിഞ്ഞത്ത് എത്തിയത്. മത്സ്യത്തൊഴിലാളികള്‍ രോഷാകുലരാണെന്ന് റസ്റ്റ് ഹൗസില്‍ വെച്ച് പോലീസ് അറിയിച്ചെങ്കിലും അതെല്ലാം ഞാന്‍ നോക്കിക്കൊള്ളാം എന്ന് മറുപടി നല്‍കിയ ശേഷമാണ് മന്ത്രി തീരത്ത് എത്തിയത്. ശക്തമായ പോലീസ് സന്നാഹവും അവര്‍ക്കൊപ്പം നിലയുറപ്പിച്ചിരുന്നു.
മന്ത്രി തമിഴില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍   തങ്ങള്‍ക്ക് ചിലത് പറയാനുണ്ടെന്ന് ആവശ്യപ്പെട്ട് ചിലര്‍ ബഹളം വെച്ചെങ്കിലും പ്രസംഗം തുടര്‍ന്നപ്പോള്‍  പിന്നീടതുണ്ടായില്ല. നിങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് പറയരുത്. ഇപ്പോഴും തിരച്ചില്‍ നടത്തുന്നുണ്ട്. യുദ്ധക്കപ്പല്‍ വരെ രംഗത്തുണ്ടെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് പരാതികളെല്ലാം കേട്ട നിര്‍മ്മലാ സീതാരാമന്‍ വീണ്ടും മൈക്കെടുത്ത് മറുപടി പറഞ്ഞു.
നിങ്ങളുടെ മനസ്സിലുള്ള സങ്കടവും ദേഷ്യവുമെല്ലാം എനിക്ക് മനസ്സിലാവും. നിങ്ങളോട് ഞാന്‍ കൈകൂപ്പി പറയുകയാണ്. ദയവായി നിങ്ങള്‍ ആരും ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യരുത്.  നമ്മളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. നിങ്ങള്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ ഉപകരണങ്ങളുടെ കണക്ക് ജില്ലാ ഭരണകൂടത്തിനു നല്‍കൂ. പണം തടസ്സമില്ല. അതിനു പരിഹാരമുണ്ടാക്കും എന്ന മറുപടിയും നല്‍കിയ ശേഷമാണ് അവര്‍ പോയത്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട് പോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി കരയില്‍ എത്തിക്കും വരെ കടലിലെ തിരച്ചില്‍ തുടരുമെന്ന് രാജ്യരക്ഷാ മന്ത്രി  നിര്‍മ്മലാ സീതാരാമന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇതിനായി എല്ലാവിധ ശ്രമങ്ങളും നടത്തുമെന്നും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ യാതൊരുവിധ വിട്ട്‌വീഴ്ചയും വരുത്തില്ലെന്നും അവര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം തിരച്ചില്‍ നടത്തുന്ന ബോട്ടുകളിലും, ഹെലികോപ്റ്ററിലുമായി 11 മത്സ്യത്തൊഴിലാളികളെയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ മാസം 30-ാം തീയതിമുതല്‍ വിമാനങ്ങളുടെയും, ഹെലികോപ്റ്ററിന്റെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. യുദ്ധക്കപ്പലുകള്‍ പോലും തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. തിരച്ചില്‍, രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും ഓരോ മണിക്കൂര്‍ ഇടവിട്ട് തന്നെ ധരിപ്പിക്കുന്നുണ്ടെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

 

 

Latest News