അങ്കാറ- തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാന്‍റെ പ്രസിഡൻഷ്യൽ പ്രൊട്ടക് ഷന്‍ യൂണിറ്റിൽ ജോലി ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു, ജോലിക്കിടെ അപമാനവും ഭീഷണിയും നേരിട്ടുവെന്ന കുറിപ്പ് എഴുതിവെച്ചാണ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയത്.
ഉർദുഗാന്‍റെ സംരക്ഷണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിച്ച അംഗരക്ഷകന്‍ മെഹ്മെത് അലി ബുലൂതാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ജോലിസ്ഥലത്ത് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചുനോക്കിയപ്പോള്‍ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് സഹപ്രവർത്തകർ അപ്പാർട്ട്മെന്റിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
ഓരോ മനുഷ്യനും അഭിമാനമുണ്ടെന്നും താന്‍ കേട്ട വാക്കുകള്‍ സഹിക്കാവുന്നതിലും അപ്പുറമാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞു.
ഈ വർഷം തുർക്കിയില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ബുലൂത്. ഹലീൽ അക്കയ, എതം ഡാഡെവിരെൻ എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് നേരത്തെ ജീവനൊടുക്കിയത്. ആത്മഹത്യകളില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ ഡെപ്യൂട്ടി മുറാദ് ബക്കന്‍ ആവശ്യപ്പെട്ടു.
ഈ കുട്ടികൾ അവരുടെ ജീവിതത്തിന്റെ പ്രധാന സമയത്താണ് പോലീസ് ഉദ്യോഗസ്ഥരാകാൻ ആഗ്രഹിക്കുന്നതെന്നും തുടർന്ന് അവർ ആത്മഹത്യ ചെയ്യുന്നവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജീവിതം ഉപേക്ഷിക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്താണെന്ന് കണ്ടെത്തണം- അദ്ദേഹം പറഞ്ഞു.