Sorry, you need to enable JavaScript to visit this website.

മരുഭൂമിയുടെ ഇലച്ചാർത്തുകളിൽ കുരുതിയുടെ ചോരപ്പൂക്കൾ

അലി സാലെഹ്- ഒരു ഫ്‌ളാഷ് ബാക്ക്

റോക്കറ്റ് ചീള് ഹൃദയഭിത്തിയിൽ തറച്ച് പ്രാണനു വേണ്ടി പൊരുതുമ്പോഴും തലസ്ഥാനമായ സനായിൽ നിന്ന് പൊങ്ങിയ എയർ ആംബുലൻസ് സൗദി അറേബ്യയുടെ ആകാശാതിർത്തി താണ്ടിയപ്പോൾ യെമന്റെ സ്വേച്ഛാധിപതി അലി അബ്ദുല്ല സാലെ പ്രാർഥിച്ചതെന്താവും? സ്വന്തം മോക്ഷപ്രാപ്തിയോ മകൻ അഹമ്മദ് അലി സാലെയുടെ അരിയിട്ടുവാഴ്ചയോ?
നീണ്ട മുപ്പത്തിരണ്ടു വർഷത്തെ ഭരണത്തിനെതിരെ സ്വന്തം നാട്ടിൽ അണപൊട്ടിയ ജനരേഷത്തിനിടയ്ക്കാണ് ജൂൺ മൂന്നിനു വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ പ്രസിഡന്റ് സാലെയുടെ ദേഹത്ത് റോക്കറ്റ് ഷെല്ലുകൾ പൂക്കുറ്റിയായി പൊട്ടിച്ചിതറിയത്.
ഇതാ, ആ മരണം ഇന്ന് യാഥാർഥ്യമായിരിക്കുന്നു. മരുഭൂമിയുടെ ഇലച്ചാർത്തുകളിൽ കുരുതിയുടെ ചോരപ്പൂക്കൾ. അബ്ദുല്ല സ്വാലിഹിനെ ഹൂത്തികൾ വധിച്ചിരിക്കുന്നു.  


പട്ടാളത്തിൽനിന്ന് പ്രവിശ്യാ ഗവർണറുടെ വേഷം ലഭിച്ച സാലെ, 1978 ൽ പ്രസിഡന്റ് ഹുസൈൻ അൽ ഗാശ്മി വധിക്കപ്പെട്ടതിനെത്തുടർന്ന് അധികാരസ്ഥാനത്തേക്കുയർത്തപ്പെട്ടു. പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ ആഴ്ചയിൽ തന്നെ രാജ്യദ്രോഹക്കുറ്റം ചാർത്തി മുപ്പത് പട്ടാള ഓഫീസർമാരുടെ ശിരസ്സിനു നേരെ അലി അബ്ദുല്ല സാലെ എന്ന ഏകാധിപതി തോക്കിന്റെ കാഞ്ചി വലിച്ചു. 

ദക്ഷിണ യെമൻ അക്കാലത്ത് സോവ്യറ്റ് യൂണിയന്റെ ഒരു ഉപഗ്രഹമായിരുന്നു. അതും ചരിത്രത്തിന്റെ ആകസ്മികത തന്നെ. അറബ് രാജ്യത്ത് ചുവന്ന കൊടിയും സോഷ്യലിസ്റ്റ് ആശയങ്ങളും വേരോടുന്നത് അമ്പരപ്പോടെയാണ് ലോകം ദർശിച്ചത്. അഫ്ഗാനിൽ നജീബുള്ളയെപ്പോലെ, മോസ്‌കോയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അലി നാസർ മുഹമ്മദാണ് ദക്ഷിണ യെമൻ പ്രസിഡന്റ് പദവിയിലെത്തിയത്. ഇതോടെ ഇരു യെമനുകളുടേയും അകലം വർധിച്ചു. തലസ്ഥാനമായ ഏഡൻ നഗരത്തെ മോസ്‌കോയ്ക്കും ബെർലിനും പ്രാഗിനും തുല്യമാക്കാനാണ് മാർക്‌സിസ്റ്റ് വിശ്വാസിയായ അലി നാസർ മുഹമ്മദ് യത്‌നിച്ചത്. (29 വർഷം മുമ്പ് കേരളം സന്ദർശിച്ചിട്ടുള്ള പ്രസിഡന്റ് അലി നാസർ മുഹമ്മദ് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ അതിഥിയായി തിരുവനന്തപുരത്ത് താമസിച്ചിട്ടുണ്ട്). സോവ്യറ്റ് ആധിപത്യം തകർന്നതോടെ അലി നാസർ പുറത്താവുകയും പിൽക്കാലത്ത് രണ്ടു യെമനുകളും ഒന്നായിത്തീരുകയും ചെയ്തു. (ഇപ്പോൾ ലണ്ടനിൽ വിപ്രവാസം നയിക്കുന്ന അലി നാസർ മുഹമ്മദുമായുള്ള അഭിമുഖം 'യെമൻ പോസ്റ്റ്' പത്രം പ്രസിദ്ധീകരിച്ചിരുന്നു. യെമനിലെ ഇപ്പോഴത്തെ മാറ്റങ്ങളൊക്കെ ചരിത്രത്തിന്റെ അനിവാര്യതെന്നാണ് ഒരു ക്ലാസിക്കൽ മാർക്‌സിസ്റ്റുകാരനെപ്പോലെ അലി നാസർ അഭിപ്രായപ്പെടുന്നത്).

ചെങ്കടലിനു ചേല ചുറ്റിയ പോലെ 'ഹദർമൗത്ത്'. മരുനിരകളുടെ പുരാതന വിജനതയിലെ വിനീതസ്മൃതിയാണ് ഹദർമൗത്ത് അഥവാ യെമൻ. മലയുടേയും മണലിന്റേയും നിമ്‌നോന്നതങ്ങൾക്ക് നിദ്രാമഞ്ചമായി കടൽക്കൈകൾ  കരയിലേക്കുയർത്തിയ കാന്തികഭൂമി. കരയ്ക്ക് കടൽ വകയൊരു കന്യാദാനം. ചരിത്രച്ചതുപ്പിൽ ദിനോസറുകളുടെ കാൽപ്പടമുരസിയ പാടുകളുമുണ്ട്. 

ലോറൻസ് ഡ്യൂറൽ അമരത്വം നൽകിയ ഏഡൻ, സനാ അഴിമുഖങ്ങൾ ഇന്ത്യയുടെ മുമ്പിലും ഉദാരപൂർവം തുറക്കപ്പെട്ട ചരിത്രപ്പൊരുളിലേയ്ക്കുള്ള രണ്ട് ചന്ദനവാതിലുകളാണ്. ഉത്തര യെമനിലെ സനായും ദക്ഷിണ യെമനിലെ ഏഡനും. തിര മുറിച്ചെത്തിയ പായക്കപ്പലുകൾക്ക് ദിശ കുറിക്കുകയും നങ്കൂരമിട്ടു കൊടുക്കുകയും ചെയ്ത തുറമുഖങ്ങൾ. യുളീസസിന്റെ കടൽയാനങ്ങളിലേയ്ക്ക് യവനിക നീക്കിയ യെമൻ പക്ഷേ ഇന്ന് കലാപത്തിന്റേയും കശാപ്പിന്റേയും കഥ കേട്ടുണരുന്നു. സമതലങ്ങളിൽ നിന്ന് സദാ മൃത്യുദൂതിന്റെ കിളിയൊച്ചയുയരുന്നു. ദേശത്തിന്റെ പ്രിയപാട്ടുകാരൻ ഫൈസലിന്റെ ഗോത്രഗാനങ്ങളോടൊപ്പം യെമനികൾ നുണയുന്ന ഇഷ്ടപ്പെട്ട ഇലക്കൂട്ടാണ് 'ഖാത്ത്'. ലഹരിയുടെ പൂ വിടർത്തുന്ന ഖാത്ത്. മലഞ്ചെരിവുകളിലെ ഖാത്ത് വിളയുന്ന തോട്ടങ്ങളിൽ പക്ഷേ ഇപ്പോൾ വീശുന്നത് രക്തക്കാറ്റ്.ചെങ്കടലിന്റെ പട്ടുചേലയിലും ചോരയുടെ പരലുകൾ വീണിരിക്കുന്നു.

എല്ലാം പൊടുന്നനെയായിരുന്നു. വിപ്ലവങ്ങൾ ഇങ്ങനെയുമാകാമെന്ന് ടുണീഷ്യയും ഈജിപ്തുമൊക്കെ തെളിയിച്ചുകൊണ്ടിരിക്കെ, പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് യെമനിലേയ്ക്ക് ആഞ്ഞുവീശിയത് അവിചാരിതമായിരുന്നുവെന്ന് പറഞ്ഞുകൂടാ. അന്തിമമായി സിംഹാസനങ്ങളൊക്കെയും തുരുമ്പ് വീഴാനുള്ളത് തന്നെയാണല്ലോ.
ഏതാനും മാസങ്ങൾക്കപ്പുറം ആയിരക്കണക്കിന് പ്രക്ഷോഭകാരികൾ സനാ നഗരത്തിൽ പ്രകടനം നടത്തി. യെമനിലെ മറ്റു പട്ടണങ്ങളും കലുഷിതമായി. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ കൊണ്ട് തകർന്ന രാജ്യത്തിന്റെ യശസ്സ് വീണ്ടെടുക്കണമെങ്കിൽ അഴിമതിയുടേയും അത്യാഡംബരത്തിന്റേയും പ്രതിരൂപമായ പ്രസിഡന്റ് സ്ഥാനഭ്രഷ്ടനാക്കപ്പെടുകയെന്നത് അനിവാര്യം. അതിൽ കുറഞ്ഞ ഒരാവശ്യം തങ്ങൾക്കില്ലെന്ന് സമരത്തിലേർപ്പെട്ടവർ ലോകത്തോട് വിളിച്ചുപറഞ്ഞു. പർദ്ദയിട്ട സ്ത്രീകളായിരുന്നു മുൻനിരയിൽ അണി നിരന്നത്. അലി അബ്ദുല്ല സാലെയുടെ അനുചരർ പട്ടാളത്തിന്റെ സഹായത്തോടെ ജനകീയ പോരാട്ടങ്ങളെ തകർക്കാൻ കച്ച കെട്ടിയെങ്കിലും സനായിലേയും പരിസരങ്ങളിലേയും പ്രതിരോധത്തിന്റെ സമരമുഖങ്ങൾ തുടുക്കുകയും പട്ടാളനിര പിളർന്ന് ഒരു വിഭാഗം സൈനികർ ജനങ്ങളോടൊപ്പം നിൽക്കുകയും ചെയ്തു. ഈജിപ്തിൽ ഈ തന്ത്രമാണ് പെട്ടെന്ന് വിജയം കണ്ടത്.

സമരം നീളുന്നത് കണ്ട് ഭയചകിതനായ പ്രസിഡന്റ് 2011 അവസാനം അധികാരം സ്വമേധയാ വിട്ടൊഴിയാമെന്ന് വെറുംവാക്ക് പറഞ്ഞുവെങ്കിലും അദ്ദേഹത്തെ നന്നായി അറിയുന്ന യെമനിലെ ജനങ്ങൾ അതൊന്നും വിശ്വസിച്ചില്ല. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളടങ്ങിയ ഗൾഫ് സഹകരണ കൗൺസിൽ സാലെയോട് രാജി വയ്ക്കാൻ അഭ്യർഥിച്ചുവെങ്കിലും അദ്ദേഹമത് നിരാകരിക്കുക മാത്രമല്ല, സ്വന്തം പ്രജകളെ അടിച്ചമർത്തുന്ന നയം പൂർവാധികം ശക്തിപ്പെടുത്തുകയും ചെയ്തു.

വിദ്യാർഥികളും വയോധികരുമുൾപ്പെട്ട പതിനായിരങ്ങൾ പങ്കെടുത്ത പടുകൂറ്റൻ റാലികളാണ് ഓരോ ദിവസവും യെമനിൽ അരങ്ങേറിയത്. ഇളംറോസ് നിറത്തിലുള്ള സ്‌കാർഫുകൾ ധരിച്ച് യുവതീയുവാക്കൾ പ്ലക്കാർഡുയർത്തി അലി അബ്ദുല്ല സാലെയെ വഞ്ചകനായ ഭരണാധികാരിയെന്ന് മുദ്രയടിച്ച് പ്രകടനങ്ങൾക്ക് ആവേശത്തിന്റെ അഗ്നിജ്വാല പകർന്നു. പാടലവർണമുള്ള വസ്ത്രങ്ങളും കൊടിതോരണങ്ങളും കൊണ്ട് സനാ നഗരം കമനീയമായി. 'പിങ്ക് വിപ്ലവം' എന്നാണ് ഈ പടയണിയെ പ്രക്ഷോഭകാരികൾ നാമകരണം ചെയ്തത്.
മനുഷ്യാവകാശലംഘനത്തിന്റെ കാര്യത്തിൽ പ്രസിഡന്റ് സാലെ, ബെൻ അലിയേയും മുബാറക്കിനേയും പിന്നിലാക്കി. മകനെ പ്രസിഡന്റ്പദത്തിലേയ്ക്കു കൊണ്ടു വരാനുള്ള സാലെയുടെ അദമ്യമായ ആഗ്രഹം സമരത്തീച്ചൂളയിൽ കരിഞ്ഞുണങ്ങി.

സനാ യൂണിവേഴ്‌സിറ്റി കാംപസ് മുദ്രാവാക്യ മുഖരിതമായി. വിദ്യാർഥികൾക്കു നേരെ സൈനികരും സുരക്ഷാസേനയും വെടിയുതിർത്തു. മേയ് 23 ന് ഗോത്രനേതാവ് ഷേയ്ഖ് സാദിഖ് അൽ അഹ്മർ, പോരാളികൾക്ക് ധാർമിക പിന്തുണ പ്രഖ്യാപിച്ചു. അക്കാലമത്രയും ചേരിതിരിഞ്ഞ് പോരാടുകയായിരുന്ന ഗോത്രസംഘങ്ങൾ അന്യോന്യം നീട്ടിയ തോക്കുകൾ താഴെ വെച്ച് ഭരണകൂടത്തിനെതിരായ ജനമുന്നേറ്റത്തിൽ പങ്കാളികളായി. മറുപക്ഷത്ത് മർദ്ദനസംവിധാനങ്ങൾ ശക്തമായി. പ്രതിദിനം ശരാശരി അമ്പത് പേരെങ്കിലും ക്രൂരമായ അടിച്ചമർത്തലിൽ കൊല്ലപ്പെട്ടു. അധികാരക്കൈമാറ്റം ഉടനെ നടത്തണമെന്ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ആവശ്യത്തിനു നേരെയും സാലെ മുഖം തിരിച്ചു.

യെമനിലെ മണൽക്കുന്നുകളിലൊളിച്ചുപാർത്ത അൽഖ്വയ്ദ ഭീകരസംഘവും നരിമടകളിൽ നിന്ന് ദംഷ്ട്രകൾ നീട്ടി. സിൻജിബാർ എന്ന പ്രദേശം അൽഖ്വയ്ദയുടെ ഇരുന്നൂറോളം സായുധപോരാളികൾ ചേർന്ന് കീഴടക്കി. സുരക്ഷാസേനയിലെ രണ്ടു ഡസൻ പേരെ അൽഖ്വയ്ദ വക വരുത്തി. ഗോത്രനേതാവ് അൽ അഹ്മറും തീവ്രവാദികളായ അൽഖ്വയ്ദയും യെമൻ ജനകീയസമരത്തിന്റെ കുന്തമുനകളായി മാറി. സിൻജിബാറിൽ നൂറിലധികവും അൽഹസാബയിൽ 63 പേരും മരിച്ചുവീണു. തുടർന്നുള്ള ദിവസങ്ങളിൽ മരണനിരക്കുകൾ പെരുകി.
രണ്ടു തരത്തിലുള്ള ആഭ്യന്തരസംഘർഷമാണ് അറേബ്യൻ സംസ്‌കൃതി പൂത്തുലഞ്ഞ യെമനെ ഇന്ന് കടുത്ത പ്രതിസന്ധിയിലകപ്പെടുത്തുന്നത്. ഏറെ വർഷങ്ങളായി പരസ്പരം പോരടിക്കുന്ന ഗോത്രവിഭാഗങ്ങൾ ഒരു വശത്ത്, അക്രമരഹിത മാർഗത്തിലൂടെ അധികാരക്കൈമാറ്റവും ജനാധിപത്യപരമായ പരിഷ്‌കരണങ്ങളും ആഗ്രഹിക്കുന്ന യുവതീയുവാക്കൾ (അയൽനാടുകളിൽ നിന്ന് ഇരമ്പിയെത്തിയ ബഹുജനസമരങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പോരാട്ടഭൂമികയിലെത്തിയവരുടെ പുത്തൻതലമുറ) മറുഭാഗത്ത്. ഇവരുടെ സമര മുന്നണിയാണ് അലി അബ്ദുല്ല സാലെയുടെ സായുധസൈന്യത്തോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്.
പ്രസിഡന്റിന്റെ മകൻ അഹമ്മദ് അലി സാലെയാണ് പട്ടാളമേധാവി. 1958 ൽ സൈനിക യൂണിഫോമണിഞ്ഞയാളാണ് പ്രസിഡന്റ് സാലെ. അദ്ദേഹത്തിന്റെ മരുമക്കളായ താരീഖ്, യഹ്‌യ, അമ്മാർ എന്നിവർ ഭരണസംവിധാനത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ. മറുവശത്താകട്ടെ, സാലെയെയും പരിവാരങ്ങളേയും പിച്ചിച്ചീന്താൻ അവസരം പാർക്കുന്ന അൽ അഹ്മർ ഗോത്രം. രണ്ടരക്കോടി ജനസംഖ്യയുള്ള യെമനിൽ പാതി ജനങ്ങളും നിരക്ഷരാണ്. ഒരു കോടിയോളം പേർ പതിനെട്ടു വയസ്സിനു താഴെയുള്ളവരും.
സദ്ദാം ഹുസൈന്റെ സുഹൃത്തായിരുന്നു പ്രസിഡന്റ് സാലെ. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ പിന്തുണച്ചതിന്റെ പേരിൽ ഇറാഖിൽ നിന്നും സൗദിയുൾപ്പെടെയുള്ള ഗൾഫ് നാടുകളിൽ നിന്നും പതിനായിരക്കണക്കിന് യെമനികൾ പുറത്താക്കപ്പെട്ടു. സൗദിയിൽ മറ്റു വിദേശികളെപ്പോലെ താമസരേഖകൾ (റസിഡൻസ് പെർമിറ്റുകൾ) ആവശ്യമില്ലാതിരുന്ന യെമനികൾക്ക് സദ്ദാമിനോടുള്ള പ്രസിഡന്റ് സാലെയുടെ സൗഹാർദ്ദത്തിന്റെ പേരിൽ വമ്പിച്ച വില നൽകണ്ടതായി വന്നു. അവർക്കും റസിഡൻസ് പെർമിറ്റ് നിർബ്ബന്ധമാക്കി. സൗദിയുടെ ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളത്രയും കൈയക്കിവെച്ചിരുന്ന യെമനികൾ എല്ലാം ഉപേക്ഷിച്ചാണ് നാട്ടിലേക്ക് പലായനം ചെയ്തത്. എന്നാൽ അന്ന് സദ്ദാമിനെ തുണച്ച പ്രസിഡന്റ് സാലെ ഇന്ന് തന്റെ ഷിയാ കാർഡിറക്കി ഇറാനുമായി അടുത്തിരിക്കുകയാണ്. 
ഒരു ജൂൺ മൂന്നിനു വെള്ളിയാഴ്ച സനായിൽ സർവ്വ സന്നാഹങ്ങളുമുള്ള പ്രസിഡൻഷ്യൽ കോംപൗണ്ടിലെ അൽ നഹ്ദായിൻ പള്ളിയിൽ പ്രാർഥിച്ച് കൊണ്ടിരിക്കെയാണ് സാലെയെ ലക്ഷ്യമാക്കി റോക്കറ്റ് ഷെല്ലുകൾ മൂളി വന്ന് പൊട്ടിത്തെറിച്ചത്. പ്രസിഡന്റിനു പുറമെ ഒപ്പമുണ്ടായിരുന്ന മന്ത്രിമാരും സ്പീക്കറുമുൾപ്പെടെയുള്ളവർക്കും പരിക്കേറ്റു. റിപ്പബ്ലിക്കൻ സേനാംഗങ്ങളടക്കം പതിനൊന്നു പേർ പള്ളിയിൽ മരിച്ചുവീണു.


സാലെയുടെ ജീവിതം അവസാനിച്ചുവെന്നായിരുന്നു ആദ്യവാർത്തകൾ. പിന്നീട് അദ്ദേഹത്തിന്റെ തളർന്ന സ്വരത്തിലുള്ള ശബ്ദസംപ്രേഷണങ്ങൾ പുറത്ത് വന്നു. ഗുരുതരമായി പരിക്കേറ്റ സാലെ സൗദിയിലേക്ക് ചികിൽസയ്ക്കായി എത്തിയതോടെ യെമനിലെങ്ങും ആഹ്ലാദപ്രകടനങ്ങൾ ഇരമ്പി.
സാലെയെ ഇനിയൊരിക്കലും യെമനിൽ കാൽകുത്താൻ അനുവദിക്കില്ല- പ്രക്ഷോഭകാരികളും പ്രതിപക്ഷാംഗങ്ങളും ഒരേ സ്വരത്തിൽ ആർത്ത് വിളിച്ചു. എന്നാൽ പ്രസിഡന്റ് ഉടൻ തന്നെ സുഖം പ്രാപിച്ച് യെമനിലേക്ക് മടങ്ങിയെത്തുമെന്നാണ് വൈസ് പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദി ആണയിട്ടത്. അത് സത്യമായി. അബ്ദുല്ല സ്വാലിഹ് യെമനിലേക്ക് തിരിച്ചെത്തി.ആ സ്വാലിഹാണ് ഇന്ന് മരണത്തിലേക്ക് നീങ്ങിയത്. ഒരിക്കല്‍ മരിച്ചെന്ന് കരുതിയ സ്വാലിഹ് ജീവിതത്തിലേക്ക് തിരിച്ചുവന്നത് അത്ഭുതമായിരുന്നു. പക്ഷെ, ഇന്ന് മരണം സ്വാലിഹിനോട് അത്ഭുതം കാണിച്ചില്ല. ഇനി അദ്ദേഹമില്ല..


 

Latest News