വാഷിങ്ടന്‍- പുതിയ യുഎസ് ഭരണകൂടം കുടിയേറ്റക്കാരോട് അനുകൂല സമീപനം സ്വീകരിക്കുന്നവെന്ന് കണ്ടതോടെ മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് കുടിയേറ്റക്കാരുടെ കുത്തൊഴുക്കാണ്. ഇതിനെതിരെ അമേരിക്കയില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ യുഎസിലേക്ക് വരരുതെന്ന് കുടിയേറ്റക്കാരോട് പ്രസിഡന്റ് ജോ ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. കൂടെ ആരുമില്ലാത്ത ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് തെക്കന്‍ അതിര്‍ത്തിയില്‍ യുഎസിലേക്ക് പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ഞാന്‍ വ്യക്തമായി തന്നെ പറയുന്നു, ഇങ്ങോട്ട് വരരുത്. നിങ്ങളുടെ പട്ടണവും നഗരവും വിടരുത്- എബിസി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ ബൈഡന്‍ കുടിയേറ്റക്കാരോടായി പറഞ്ഞു.
പുതിയ സര്‍ക്കാരിന്റെ കുടിയേറ്റ നയത്തെ പ്രതിരോധിച്ച് യുഎസ് ആഭ്യന്തര സുര്ക്ഷാ മേധാവി രംഗത്തെത്തിയതിനു തൊട്ടു പിന്നാലെയാണ് ബൈഡന്റെ ഈ അഭ്യര്‍ത്ഥന. കുടിയേറ്റക്കാര്‍ക്കെതിരെ മുന്‍ പ്രസിഡന്റ് ട്രംപ് സ്വീകരിച്ച പല നയങ്ങളും റദ്ദാക്കിയതാണ് ഇപ്പോള്‍ കുടിയേറ്റക്കാരുടെ ഒഴുക്കിന് കാരണമായതെന്ന ആരോപണവും ബൈഡന്‍ തള്ളി. 2019ലും 2020ലും സമാനമായ ഒഴുക്ക് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നല്ല ആളായത് കൊണ്ടാണ് അവര്‍ വരുന്നതെന്ന് കേട്ടിരുന്നു. എന്നാല്‍ അതുകൊണ്ടല്ലെന്നും ബൈഡന്‍ പറഞ്ഞു. ഇളവുകള്‍ നല്‍കുന്ന ബൈഡന്റെ കുടിയേറ്റ നയത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമായി രംഗത്തുണ്ട്.