കണ്ണൂര്‍- ബിജെപിയോട് നേരിട്ട് പോരടിക്കാന്‍ നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് കരുത്തനായി സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ എംപിയെ രംഗത്തിറക്കിയതു പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് കരുത്തനായ എതിരാളിയായി മറ്റൊരു സിറ്റിങ് എംപിയെ കോണ്‍ഗ്രസ് രംഗത്തിറക്കുമോ? ധര്‍മടത്ത് കരുത്തനായി നേതാവ് വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതാണ് ഇത്തരമൊരു ഊഹത്തിന് കാരണമായത്. പിണറായിയോട് മത്സരിക്കാന്‍ സുധാകരന്‍ തന്നെ വേണമെന്നാണ് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വവും ആവശ്യപ്പെടുന്നത്. ഹൈക്കമാന്‍ഡ് ഇതംഗീകരിച്ചാല്‍ മത്സരിക്കാന്‍ തയാറാണെന്ന് സുധാകരന്‍ അറിയിച്ചതായും റിപോര്‍ട്ടുണ്ട്.
കെ മുരളീധരനെ നേമത്ത് മത്സരിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ട അതേഫലമാണ് ധര്‍മടത്ത് സുധാകരനെ ഇറക്കുന്നതിലൂടെയും പ്രതീക്ഷിക്കുന്നത്. പിണറായിക്കെതിരെ സുധാകരന്‍ നേരിട്ട് രംഗത്തിറക്കുന്നത് വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസിന് പുതിയ ആവേശമാകുമെന്നാണ് കണക്കുകൂട്ടല്‍. ധര്‍മടത്ത് പിണറായിക്കെതിരെ സ്വതന്ത്രയായി മത്സരിക്കാനിറങ്ങിയ വാളയാറിലെ അമ്മയെ പിന്തുണക്കുന്നതിനോടും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് യോജിപ്പില്ല. പ്രാദേശിക വികാരം മാനിക്കണമെന്നാണ് സുധാകരനും പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അന്തിമ തീരുമാനം നിര്‍ണായകമാകും. സിറ്റിങ് എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് നിലപാടില്‍ വീണ്ടും ഇളവ് നല്‍കുമോ എന്നും കാത്തിരുന്നു കാണാം.