മുംബൈ- റിലയന്‍സ് മേധാവി മുകേശ് അംബാനിയെ വധിക്കാന്‍ അജ്ഞാത ഭീകര സംഘടന പദ്ധതിയിട്ടുവെന്ന വാദം പൊളിയുന്നു. അംബാനിയുടെ വീടിനു സമീപം കഴിഞ്ഞ മാസം സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെടുത്തതിനു പിന്നാലെയാണ് അജ്ഞാത മുസ്ലിം ഭീകര സംഘടന അംബാനിയെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന വാര്‍ത്ത വന്നത്. ഈ വാഹന കണ്ട ഫെബ്രുവരി 25ന് രാത്രി അംബാനിയുടെ വീടിനു സമീപത്തേക്ക് തലയില്‍ മുണ്ടിട്ടു മറച്ച് ഒരു അജ്ഞാതന്‍ നടന്നു വരുന്ന ദൃശ്യവും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യത്തില്‍ പതിഞ്ഞയാള്‍ കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്ത മുംബൈ പോലീസിലെ ഓഫീസറായ സചിന്‍ വാസെ ആണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണിപ്പോള്‍. കുര്‍ത്തയും പൈജാമയും ധരിച്ച് വലിയ ഹാന്‍കര്‍ചീഫ് തലിയില്‍ ചുറ്റി മുഖം മറച്ച നിലയിലാണ് സചിന്‍ വാസെ ഇവിടെ എത്തിയത്.
സ്‌ഫോടനക വസ്തുക്കള്‍ നിറച്ച കാറിന്റെ ഉടമയായ താനെയിലെ ബിസിനസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതും സംഭവവുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥനായി വാസെ അറസ്റ്റിലാകുകയും ചെയ്തതോടെ കൊലപാതക പദ്ധതിയെ കുറിച്ച് ദുരൂഹത ഏറിയിരുന്നു.
വാസെയുടെ ഓഫീസില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഒരു ലാപ്‌ടോപ് കണ്ടെടുത്തിരുന്നു. എന്നാല്‍ ഇതിലെ മുഴുവന്‍ ഡേറ്റയും ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയിട്ടില്ല. എവിടെയോ വച്ചു മറന്നുവെന്നായിരുന്നു മറുപടി. എന്നാല്‍ ഈ ഫോണ്‍ വാസെ മനപ്പൂര്‍വ്വം എറിഞ്ഞു കളയുകയായിരുന്നുവെന്നും എന്‍ഐഎ പറയുന്നു.
സ്‌ഫോടക വസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമയായ മന്‍സുഖ് ഹിരണിന്റെ മരണം അന്വേഷിക്കുന്നതിനിടെയാണ് കേസന്വേഷണം സചിന്‍ വാസെയിലെത്തിയത്. മാര്‍ച്ച് 25വരെ വാസെയെ എന്‍ഐഎ കസ്റ്റിഡിയില്‍ വിട്ടിരിക്കുകയാണ്. അറസ്റ്റിനു മുമ്പ് സചിന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി അനുവദിച്ചില്ല.