ന്യൂദല്‍ഹി- ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം രാജ്യസഭയെ അറിയിച്ചു.
രാജ്യത്തൊട്ടാകെ എന്‍ആര്‍സി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് രാജ്യസഭയില്‍ മറുപടി നല്‍കിയത്.
ദേശീയ തലത്തില്‍ ഇന്ത്യന്‍ പൗരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും റായ് രേഖാമൂലം മറുപടി നല്‍കി. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ എന്‍ആര്‍സി അസമില്‍ അപ്‌ഡേറ്റുചെയ്തിട്ടുണ്ട്. അവിടെ 2019 ഓഗസ്റ്റ് 31 ന് എന്‍.ആര്‍.സി പ്രസിദ്ധീകരിച്ചപ്പോള്‍ മൊത്തം 3,30,27,661 അപേക്ഷകരില്‍ 19.06 ലക്ഷം പേർ ഒഴിവാക്കപ്പെട്ടു. ഇത് രാജ്യവ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.
അസമില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ ഡാറ്റയാണ് നിലവില്‍ എന്‍.ആര്‍.സി. 1955 ലെ പൗരത്വ നിയമപ്രകാരവും ഇന്ത്യന്‍ പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ പ്രകാരവും തടങ്കല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ വ്യവസ്ഥയില്ലെന്ന് മറ്റൊരു ചോദ്യത്തിന് റായ് മറുപടി നല്‍കി.
ശിക്ഷ പൂര്‍ത്തിയാക്കിയ വിദേശ പൗരന്മാരെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണണെന്നും നാടുകടത്തുന്നതുവരെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ ഉചിതമായ സ്ഥലത്ത് പാര്‍പ്പിക്കണമെന്നും 2012 ഫെബ്രുവരി 28 ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം 2012 മാര്‍ച്ച് 7 ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും റായ് പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരെയും വിദേശികളെയും തടഞ്ഞുവെക്കാന്‍ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസൃതമായി സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും തടങ്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ രേഖകള്‍ ശരിയാക്കുന്നതിനാണ് ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവരെ ഇത്തരം കേന്ദ്രങ്ങളില്‍ താമസിപ്പിക്കുന്നത്.