സൻആ- യെമൻ മുൻ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹ് കൊല്ലപ്പെട്ടു. സൻആയുടെ പ്രാന്തപ്രദേശത്ത് വെച്ചാണ് സ്വാലിഹിന് വെടിയേറ്റത്. കാറിൽ പോകുകയായിരുന്ന അദ്ദേഹത്തെ എതിരാളികൾ തടഞ്ഞുനിർത്തി വെടിവെച്ചുകൊല്ലുകയായിരുന്നു. സ്വാലിഹിനെ വധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
അന്തർദേശീയ വാർത്ത ഏജൻസികളും ചില അറബ് മാധ്യമങ്ങളും സ്വാലിഹ് കൊല്ലപ്പെട്ടതായി വാർത്ത സ്ഥിരീകരിച്ചു.
രണ്ടര വർഷമായി യെമനിൽ സഖ്യസേനയെ ഒന്നിച്ചെതിർത്ത ഹൂത്തികളും അലി സ്വാലിഹ് വിഭാഗവും വേർപിരിയുന്നതായി കഴിഞ്ഞദിവസം വാർത്തകളുണ്ടായിരുന്നു. സൻആയിൽ അലി സ്വാലിഹ് അനുകൂലികളും ഹൂത്തികളും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നതിനിടെയാണ് സ്വാലിഹിന്റെ കൊലപാതകമുണ്ടായത്. നിരവധി ഹൂത്തികളെ അലി സ്വാലിഹ് അനുകൂലികൾ ബന്ദികളാക്കിയിരുന്നു. സഖ്യസേനയുമായി ചർച്ചക്ക് അലി സ്വാലിഹ് സന്നദ്ധത അറിയിച്ചിരുന്നു.
ആറു വർഷം മുമ്പ് ജനകീയ വിപ്ലവത്തിലൂടെ അധികാര ഭ്രഷ്ടനാക്കപ്പെട്ട മുൻ യെമൻ പ്രസിഡന്റ് അലി സ്വാലിഹും ഇറാൻ പിന്തുണയുള്ള ശിയാ മിലീഷ്യകളായ ഹൂത്തികളും തമ്മിലുണ്ടാക്കിയ രണ്ടര വർഷത്തിലേറെ നീണ്ട അവിശുദ്ധ കൂട്ടുകെട്ട് പൊളിച്ചാണ് സഖ്യത്തിൽനിന്ന് അബൂസ്വാലിഹ് കഴിഞ്ഞദിവസം പുറത്തുവന്നത്. സൻആയിൽ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ നിയന്ത്രണം അലി സ്വാലിഹ് അനുകൂല സൈന്യം ഹൂത്തികളിൽനിന്ന് തിരിച്ചുപിടിച്ചിരുന്നു. കസ്റ്റംസ്, ധനമന്ത്രാലയം, പ്രതിരോധ മന്ത്രാലയം, കേന്ദ്ര ബാങ്ക്, സബ വാർത്താ ഏജൻസി, ടെലിവിഷൻ ആസ്ഥാനം, പ്രസിഡൻഷ്യൽ പാലസ്, ദേശീയ സുരക്ഷാ ഏജൻസി ആസ്ഥാനം, സൗദി എംബസി, സുഡാൻ എംബസി, യു.എ.ഇ എംബസി, സൻആ എയർപോർട്ട് എന്നിവയുടെയെല്ലാം നിയന്ത്രണം അലി സ്വാലിഹിന്റെ അനുകൂലികളുടെ കയ്യിലാണ്.
അലി സ്വാലിഹ് അനുകൂലികളും ഹൂത്തികളും തമ്മിൽ അടുത്തദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിൽ മാത്രം നൂറോളം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബുധനാഴ്ച സൻആയിലെ പ്രധാന മസ്ജിദ് ആയ അൽസ്വാലിഹ് മസ്ജിദ് കോംപ്ലക്‌സിൽ അതിക്രമിച്ചു കയറിയ ഹൂത്തികൾ ആർ.പി.ജിയും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തിയതായും ജനറൽ പീപ്പിൾസ് പാർട്ടി നേതാക്കളുടെ വീടുകളിലും ആസ്ഥാനങ്ങളിലും റെയ്ഡ് നടത്തിയതായും പാർട്ടി ആരോപിച്ചതോടെയാണ് ഇരു വിഭാഗത്തിനുമിടയിൽ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പട്ടത്.