ന്യൂദൽഹി- സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആർഎസ്എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിന്റെ ആരോപണം തള്ളി കേന്ദ്രമന്ത്രി വി. മുരളീധരൻ. സീറ്റ് ലഭിക്കാത്ത നിരാശയിൽനിന്നുള്ള വൈകാരിക പ്രകടനമാണ് ബാലശങ്കറിന്റേതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബാലശങ്കറിന്റെ ആരോപണത്തിന് പ്രസക്തിയില്ല. എന്നാൽ അദ്ദേഹം പാർട്ടി വിരുദ്ധനാണെന്ന് കരുതുന്നില്ല. പാർട്ടി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരുന്നു- മുരളീധരൻ പറഞ്ഞു.
ചെങ്ങന്നൂരിൽ തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ ഉണ്ടാകാമെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ഇപ്പോഴത്തെ നേതൃത്വവുമായാണു മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത മുപ്പതു കൊല്ലത്തേക്കു കേരളത്തിൽ ബിജെപിക്കു വിജയസാധ്യതയുണ്ടാകില്ലെന്നും ബാലശങ്കർ പറഞ്ഞിരുന്നു.