Sorry, you need to enable JavaScript to visit this website.

സൗദിയിൽ അനുമതിയില്ലാതെ പൊതുപരിപാടി നടത്താൻ ശ്രമിച്ച കേസില്‍ അറസ്റ്റിലായ നാലു മലയാളികൾ മോചിതരായി

അൽഹസ- രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷണൽ ഒൻപതാമത് എഡിഷൻ സാഹിത്യോത്സവുമായി ബന്ധപ്പെട്ടു അറസ്റ്റിലായ നാലു പേർ മോചിതരായി. മുബാറസ് പോലീസ് സ്‌റ്റേഷനിൽനിന്നാണ് ഇവരെ വിട്ടയച്ചത്. തുടർ നടപടികളുണ്ടാകുമോയെന്ന കാര്യങ്ങൾ വ്യക്തമായിട്ടില്ല. ഇന്ത്യൻ എംബസിയുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഇവരെ വിട്ടയച്ചിരിക്കുന്നതെന്നാണറിയുന്നത്. മേഖലയിലെ സാമൂഹൃ പ്രവർത്തകനെ പ്രത്യേക അധികാരപത്രം നൽകി എംബസിയുടെ അപേക്ഷ അൽ ഹസ ഗവർണറേറ്റിൽ എത്തിക്കുകയായിരുന്നു.

അൽഹസ ഗവർണർ കാര്യാലയത്തിൽ നിന്നുള്ള പ്രത്യേക പോലീസാണ് കഴിഞ്ഞ ദിവസം രാത്രി നാലു മലയാളികളെ കസ്റ്റഡിയിലെടുത്തത്. നവംബർ 24, 25 തിയ്യതികളിൽ ആയിരത്തി അഞ്ഞൂറിലധികം പേർ പങ്കെടുക്കുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. പരിപാടി നടക്കുന്നതിന്റെ തൊട്ടുമുമ്പാണ് ഇവരെ പിടികൂടിയത്.  കഴിഞ്ഞ ഒരാഴ്ചയായി ഇവരെ പുറത്തിറക്കാനാവാതെ പല വഴികളിൽ മുട്ടിയ സംഘടനാ പ്രവർത്തകരുടെ അനുഭവം വെളിവാക്കുന്നത് സംഘടനാ രംഗത്തും സാംസ്‌കാരിക മേഖലകളിലും പ്രവർത്തിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന പാഠമാണ്.
മലയാളിയെവിടെയുണ്ടോ അവിടെ സംഘടനാ പ്രവർത്തനമുണ്ടെന്നത് പുതിയ അറിവല്ല. സാംസ്‌കാരിക സാമുദായിക രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന മുപ്പതിൽപരം സംഘടനകൾ അൽഹസയിൽ മാത്രം തന്നെ നിലവിലുണ്ട്. 
അംഗീകാരമില്ലാതെ പൊതുപരിപാടികൾ നടത്താനോ സംഘടനാ പ്രവർത്തനം നടത്താനോ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല.എന്നാൽ ഇതെല്ലാം ഒരു മുടക്കവും കൂടാതെ ഇവിടെ നടന്നു വരുന്നുണ്ട്. അധികൃതകേന്ദ്രങ്ങളുമായുള്ള ധാരണയിലോ അതിരുകൾ ലംഘിക്കാതെയോ ആണ് ഇതെല്ലാം നടക്കുന്നത്.  

അനുമതിയില്ലാതെ പരിപാടികൾ നടത്തരുതെന്നു എംബസി പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസം മുമ്പ് കേരളത്തിൽ നിന്നെത്തിയ പ്രമുഖ മതപണ്ഡിത ൻ അംബാസഡർ അഹമ്മദ് ജാവേദിനെ സന്ദർശിച്ചപ്പോൾ ഔദ്യോഗിക അനുമതിയില്ലാതെ ഒരു പരിപാടികളിലും പങ്കെടുക്കരുതെന്നു കർശന നിർദ്ദേശം നൽകിയിരുന്നു.
മതകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജാലിയാത്തുകൾക്കു പോലും പുറത്തു നിന്നെത്തുന്നവരെ പങ്കെടുപ്പിച്ചു കൊണ്ടു പൊതുപരിപാടികൾ പുറത്തു നടത്താൻ അനുവാദമില്ല. ഏതു വിദേശ രാജ്യത്തെപണ്ഡിതന്മാർ വന്നാലും പ്രത്യേകാനുമതിയില്ലാതെ പരിപാടികൾ സംഘടിപ്പിക്കാൻ ഇസ്ലാമിക കാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കു പോലും നിർവ്വാഹമില്ലാതിരിക്കെ പ്രവാസി സംഘടനകൾ പുലർത്തേണ്ട ജാഗ്രത എത്രഗൗരവം ഉള്ളതാണെന്നു മനസ്സിലാവുന്നത്. ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ അവരെ നാടുകടത്തുകയാണ് നിലവിലുള്ള ശിക്ഷാരീതി.ഗവർണർ കാര്യാലയം ഇടപെടുന്ന കേസുകളിൽ നിന്നും രക്ഷപ്പെടുന്നത് അപൂർവ്വവുമാണ്.

അല്‍ഹസയില്‍ പൊതുപരിപാടി നടത്താന്‍ ശ്രമിച്ച നാലു മലയാളികള്‍ അറസ്റ്റില്‍


 

Latest News