ജമ്മു- പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന വെടിവെച്ചു കൊന്നു. സാംബ ജില്ലയിലെ രാംഗഢ് പ്രദേശത്താണ് സംഭവം.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിയോടെയാണ് സംഭവമെന്നും മുന്നറിയിപ്പുകള്‍ അവഗണിച്ച് അതിർത്തി വേലിക്ക് സമീപത്തേക്ക് വരികയായിരുന്നുവെന്നും ബിഎസ്‌എഫിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. പാക്കിസ്ഥാനിലെ ലെഹ്രി കലൻ ഗ്രാമത്തില്‍നിന്നാണ് ഇയാള്‍ അതിർത്തിയിലേക്ക് വന്നത്.
ബിഎസ്‌എഫിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചും മുന്നോട്ടുവെന്ന ഇയാള്‍ രാംഗഢ് ഉപമേഖലയിലെ ബിഎസ്‌എഫിന്റെ മല്ലുചക് പോസ്റ്റിന് സമീപമാണ് വെടിയേറ്റ് മരിച്ചത്
പാകിസ്ഥാൻ കറൻസിയായ 200 രൂപയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. പാക് സ്വദേശിയുടെ മനോനില ശരിയായിരുന്നില്ലെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാംഗഢ് പോലീസ് സ്റ്റേഷന് കൈമാറി.
ഫെബ്രുവരി 25 ന് ഇന്ത്യയും പാകിസ്ഥാനും നിയന്ത്രണ രേഖയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.