മുംബൈ- പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് എൻഐഎ അ റസ്റ്റ് ചെയ്ത മുംബൈ പോലീസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സച്ചിൻ വാസെ ഉപയോഗിച്ച മെഴ്സിഡസ് ബെൻസ് കാർ എന്‍.ഐ.എ കണ്ടെത്തി.
കാറിൽനിന്നും അഞ്ച് ലക്ഷം രൂപയും നോട്ട് എണ്ണൽ യന്ത്രവും തുണികളും സ്ഫോടകവസ്തു നിറച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റും കണ്ടെടുത്തതായി എന്‍.ഐ.എ ഉദ്യോഗസ്ഥർ പറഞ്ഞു.
കാറിന്റെ ഉടമ ആരാണെന്ന് എൻഐഎ അന്വേഷിച്ചുവരികയാണ്. താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ സച്ചിൻ വാസെ നശിപ്പിച്ചതായി എന്‍.ഐ.എ വെളിപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ കമ്പ്യൂട്ടറും ലാപ് ടോപും പിടിച്ചെടുക്കുകയും ചെയ്തു.
കഴിഞ്ഞമാസം 25 നാണ് അംബാനിയുടെ ആഡംബരവസതിയായ ആന്റ്ലിയക്കു മുന്നിൽ 20 ജലാറ്റിൻ സ്റ്റിക്കുകളുമായി കാർ കണ്ടെത്തിയത്. അംബാനിക്കെതിരെ ഭീഷണിക്കത്തുമുണ്ടായിരുന്നു. വാഹനത്തിന്റെ ഉ ടമ മൻസുക് ഹിരനെ പിന്നീട് മരിച്ച നിലയിൽ കടലിടുക്കില്‍ കണ്ടെത്തി.
സ്ഫോടകവസ്തു നിറച്ച വാഹനം സ്ഥലത്ത് എത്തിച്ചതിലും മൻസുക് ഹിരന്റെ മരണത്തിലും സച്ചിൻ വസെയ്ക്ക് പങ്കുണ്ടെന്നാണ് എന്‍.ഐ.എ സംശയിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ സച്ചിന് വാസെയെ ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയിരുന്നു.